ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പോരായ്മകൾ സിപിഎം തുറന്നുസമ്മതിച്ചു. മന്ത്രിമാരുടെ പ്രവർത്തന ദൗർബല്യങ്ങൾ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും അതു ചെയ്തതായും 5 ദിവസത്തെ നേതൃയോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ച് ചൂടുപിടിച്ച ചർച്ചയാണ് ഇന്നലെ സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടന്നത്. ആരെയും ഇപ്പോൾ ഒഴിവാക്കേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തവർക്കു വ്യക്തമായ മുന്നറിയിപ്പാണു യോഗം നൽകിയത്. 

മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രവർത്തനം പരിശോധിച്ചതായി കോടിയേരി അറിയിച്ചു. പുതിയ മന്ത്രിമാർ എന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഓഫിസ് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ട്. പരിപാടികളെല്ലാം ഓൺലൈനിലാക്കുന്നു. ഇതിലെല്ലാം മാറ്റം വരുത്തണമെന്നു നിർദേശം നൽകി. മന്ത്രിമാർ കൂടുതൽ സജീവമാകണം. കേരളമാകെ യാത്ര ചെയ്യണം – അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെതിരെ കമ്മിറ്റിയിൽ വിമർശനം ഉയർന്നതായി കോടിയേരി സ്ഥിരീകരിച്ചു. പൊലീസിനെതിരെ വിമർശനം ഉയരാത്ത ഏതു കാലഘട്ടമുണ്ടെന്നായിരുന്നു മറുചോദ്യം. ജനങ്ങൾക്കു പരാതികളുണ്ടാകാം. എന്നാൽ, ഇന്ത്യയിൽ ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. 

ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴത്തെ മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന വിമർശനം ഉൾക്കൊണ്ടുള്ള ചർച്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടന്നത്. മന്ത്രിമാർക്ക് ജനങ്ങളുമായി ബന്ധം കുറയുന്നു. 5 ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിബന്ധനയിൽ മാറ്റമില്ല. എന്നാൽ, മറ്റു ദിവസങ്ങളിലും പുറത്തുപോകാത്ത രീതിയുണ്ട്. മന്ത്രിമാരുടെ ഓഫിസിന്റെ പ്രവർത്തനത്തിലെ വീഴ്ചകളും തിരുത്തണം. സർക്കാർ രൂപീകരണ വേളയിൽ പാർട്ടി തയാറാക്കിയ മാർഗരേഖയ്ക്കൊത്തു കാര്യങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നു. 

പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. അനാരോഗ്യം വകവയ്ക്കാതെ പങ്കെടുത്ത കോടിയേരി, വാ‍ർത്താസമ്മേളനം നടത്തിയപ്പോൾ എ.കെ.ബാലനെ കൂട്ടിയത് ശ്രദ്ധേയമായി. 

∙ ‘ഓരോ മന്ത്രിക്കും ആവശ്യമായ നിർദേശങ്ങൾ നൽകി. അവരെല്ലാം ഉഷാറാകാൻ പോകുകയാണ്. മന്ത്രിസഭയിൽനിന്ന് ആരെയും മാറ്റിനിർത്തേണ്ട സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ട് പുനഃസംഘടനയും ആവശ്യമില്ല.’ – കോടിയേരി ബാലകൃഷ്ണൻ

∙ ‘സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായില്ല. ഭരണം മെച്ചപ്പെടുത്തുന്നതാണു ചർച്ച ചെയ്തത്. പ്രചരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങളാണ്. ആർക്കെങ്കിലും സന്തോഷം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ.’ – മന്ത്രി പി.എ.മുഹമ്മദ് റിയാസ്

English Summary: Kodiyeri Balakrishnan about criticism against ministers performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com