പ്രതീക്ഷയി‍ൽ മങ്ങൽ; മന്ത്രിസഭയെ ‘മിനുക്കാൻ’ തിരക്കിട്ട് സിപിഎം

pinarayi-vijayan-7
പിണറായി വിജയൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയെ കാര്യക്ഷമമാക്കാൻ സിപിഎം നേരിട്ട് ഇടപെട്ടിരിക്കുന്നു. എൽഡിഎഫിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയരുന്ന പരാതികൾ പാർട്ടിക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല. 

സർക്കാരിന്റെ പ്രവർത്തന നയരേഖ നേരത്തേ തയാറാക്കിയിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവ കേരള കർമ പരിപാടിയിലും സർക്കാരിനുള്ള നിർദേശങ്ങൾ തന്നെയായിരുന്നു.‌ അതിനു പുറമേയാണ് തിരക്കിട്ട് തന്നെ പുതിയ നിർദേശങ്ങളുമായി സംസ്ഥാനകമ്മിറ്റി വന്നത്. 

മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും സംസ്ഥാന സമ്മേളനത്തിൽ വന്നിരുന്നു. എന്നാൽ കോവിഡിനു ശേഷമുള്ള സാഹചര്യവും പുതിയ മന്ത്രിമാരുടെ പരിചയക്കുറവും സർക്കാരിന്റെ കാര്യക്ഷമതയെ ബാധിച്ചെന്ന വികാരമാണ് രണ്ടര ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉണ്ടായത്. 

സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ തന്നെ മന്ത്രിസഭയുടെ പ്രവർത്തനം സംബന്ധിച്ച് വിമർശനം ഉണ്ടായി. ആരുടെയും പേര് എടുത്തു പറഞ്ഞില്ല. അതേ സമയം ആരൊക്കെ ,എന്തെല്ലാം തിരുത്തണം എന്ന് ബന്ധപ്പെട്ടവർക്കു മനസ്സിലാകുന്ന വ്യക്തമായ സൂചന ധാരാളം ഉണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. 

cartoon

21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാർ. ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാർ ശ്രമിക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ സമ്മതിച്ചു. എന്നാൽ ഫലപ്രാപ്തിയിൽ സംശയമുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളിൽ പെടും. 

മന്ത്രിമാരെ ഏകോപിപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ പങ്കും റിപ്പോർട്ടിൽ വിവരിക്കുന്നു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രിയെ മന്ത്രിമാർ ആശ്രയിക്കുമ്പോൾ അതു കാലതാമസത്തിനു കാരണമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ചില മന്ത്രിമാരുടെ ഓഫിസും തമ്മിലെ ബന്ധം സംബന്ധിച്ച ഒളിയമ്പുകൾ ചർച്ചകളിൽ വന്നു. 

ഒരു വർഷത്തെ പ്രവർത്തനം മാത്രം വച്ച് മന്ത്രിമാർക്ക് അന്തിമമായ മാർക്കിടൽ പാർട്ടി നടത്തില്ലെന്നു നേതാക്കൾ വിശദീകരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് കെ.കെ.ശൈലജയുടെയും അവരുടെ ഓഫിസിന്റെയും പ്രവർത്തനം സംബന്ധിച്ച് പാർട്ടിയിൽ പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ പിന്നീട് മന്ത്രിസഭയുടെ തന്നെ ഏറ്റവും തിളക്കമുള്ള മുഖമായി അവർ മാറി. പ്രവർത്തനം മെച്ചപ്പെടുത്തൂ എന്ന മുന്നറിയിപ്പാണ് പാർട്ടി നൽകിയിരിക്കുന്നത്. പുന:സംഘടന ഉടനെ ഉദേശിക്കുന്നില്ലെങ്കിലും അതിന്റെ സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല. 

കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യമാണ് പാർട്ടിയെ ഏറ്റവും വേദനിപ്പിക്കുന്നത്. രോഗാവസ്ഥയിൽ തളരാതെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. വാർത്താ സമ്മേളനത്തിൽ സഹായിക്കാനായി എ.കെ.ബാലനെ പാർട്ടി നിയോഗിച്ചെങ്കിലും എല്ലാ ചോദ്യങ്ങൾക്കും കോടിയേരിക്ക് തന്നെ ഉത്തരം ഉണ്ടായി. പാർട്ടി സെന്ററിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട സെക്രട്ടേറിയറ്റ് അംഗങ്ങൾ കോടിയേരിയുടെ പരിമിതി മനസ്സിലാക്കി പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന ധാരണയാണ് നേതൃത്വത്തിൽ ഉള്ളത്.

English Summary: CPM attempt to improve performance of pinarayi vijayan government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}