ADVERTISEMENT

തിരുവനന്തപുരം ∙ സംരക്ഷിത വനപ്രദേശങ്ങ‍ൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ (ബഫർ സോൺ / ഇഎസ്‌സെഡ്) കേരളത്തിലെ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന വനം വകുപ്പിന്റെ പഠനം രണ്ടരമാസത്തോളമായിട്ടും പകുതി പോലുമായില്ല. മൂന്നു മാസത്തിനകം പഠിച്ചു റിപ്പോർട്ട് നൽകണമെന്നാണു സുപ്രീം കോടതി നിർദേശം. സമയപരിധിക്കു 19 ദിവസം മാത്രം ബാക്കി നിൽക്കെ, ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രമാണ് ഇതുവരെ പഠനം പൂർത്തിയായത്. ബാക്കി 14 വന്യജീവിസങ്കേതങ്ങളിൽ പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കഴിയുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഇല്ലെങ്കിൽ തുടർനടപടികളെ ഇതു ഗുരുതരമായി ബാധിക്കുമെന്ന വാദവും ഉയർന്നുകഴിഞ്ഞു.

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ‍ഒ‍രു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്നു ജൂൺ മൂന്നിനു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതിലോല മേഖലയാക്കിയാൽ (ഇഎസ്‌സെഡ്) ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു സംസ്ഥാനങ്ങൾ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം പഠനം തുടങ്ങേണ്ടതായിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുള്ള നടപടികൾ വൈകി.

കൂടുതൽ സമയം അനുവദിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നുമാണു പ്രതീക്ഷ. സുപ്രീം കോടതി വിധി വരുന്നതിനു മുൻപും കേരളം പഠനം നടത്തിയിരുന്നു. കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മേഖലകളിൽ, ഇതിനകം സിറ്റിങ് നടത്തി. എത്രയും വേഗം സർവേ പൂർത്തിയാക്കും.

പാഴാക്കി, ഒരുമാസം

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവ‍യൺമെന്റ് സെന്ററിനെയാണു (കെഎസ്‍ആർഇസി) സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനം വകുപ്പും കെഎസ്‍ആർഇസിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞമാസം 11ന് ആണ്. സുപ്രീം കോടതി ഉത്തരവു വന്നിട്ട് അപ്പോഴേക്കും ഒരു മാസം കഴിഞ്ഞിരുന്നു.

English Summary: Kerala forest department study on Buffer Zone 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com