ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ റാങ്ക്‌ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമന നടപടികൾ മരവിപ്പിച്ചു. കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവർക്കും കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടില്ലെന്ന വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വിശദീകരണം തളളിയാണു നടപടി. 

അടുത്തദിവസം തന്നെ കോടതിയെ സമീപിക്കുമെന്നു വിസി പ്രതികരിച്ചു. പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് 2 ദിവസത്തിനകം ഇറങ്ങുമെന്നും ഗവേഷണ പ്രബന്ധങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുന്നതിനാലാണ് ഉത്തരവ് വൈകുന്നതെന്നും വിസി ഗവർണറുടെ തീരുമാനം വരുംമുൻപു പറഞ്ഞിരുന്നു. 

വിസി നിയമനത്തിനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചപ്പോൾ, അതു നിയമമാകണമെങ്കിൽ തന്റെ ഒപ്പു വേണമല്ലോയെന്നു ഗവർണർ തിരിച്ചടിച്ചിരുന്നു. ഇന്നലത്തെ നടപടി കൂടിയായതോടെ സർക്കാരും ഗവർണറുമായുള്ള പോര് കൂടുതൽ രൂക്ഷമായി. 

ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്തി റാങ്ക്‌ലിസ്റ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്കു ഗവർണർ കടക്കാനാണു സാധ്യത. ആദ്യ പടിയായാണു നിയമന നടപടിക്കുളള സ്റ്റേ. സിൻഡിക്കറ്റ് അംഗീകരിച്ചു പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാലാ നിയമപ്രകാരം അധികാരമുണ്ട്. തീരുമാനമെടുത്ത ശേഷം ഗവർണർ ഉജ്ജയിനിലേക്കു പോയി. താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അനുവദിക്കില്ലെന്നു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറയുകയും ചെയ്തു. 

cartoon

കണ്ണൂർ വിസിക്കെതിരെ 2 പരാതികൾ കൂടി ഗവർണറുടെ മുന്നിലുണ്ട് – ഗവർണറെ ഒഴിവാക്കി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതും സിൻഡിക്കറ്റിന്റെ പോലും അംഗീകാരമില്ലാതെ സ്വാശ്രയ കോളജിന് അഫിലിയേഷനു ശുപാർശ ചെയ്തതും. 24നു മടങ്ങിയെത്തിയശേഷം ഇവയിലും തുടർനടപടിയുണ്ടാകും. 

നിയമോപദേശം ചൂണ്ടിക്കാട്ടി വിസി

താൻ നിയമിച്ച സ്ക്രീനിങ് കമ്മിറ്റിയാണു പ്രിയ വർഗീസ് യോഗ്യയാണെന്നു കണ്ടെത്തിയതെന്ന് ഗവർണർക്കു നൽകിയ കത്തിൽ കണ്ണൂർ വിസി വിശദീകരിച്ചിരുന്നു. 10 പേർ അപേക്ഷിച്ചതിൽ യോഗ്യതയുള്ള 6 പേരെ ഓൺലൈൻ ഇന്റർവ്യൂവിനു വിളിച്ചു. ഇന്റർവ്യൂ ബോർഡിലെ 8 പേരും കൂടുതൽ മാർക്ക് നൽകിയതു പ്രിയയ്ക്കാണ്. പ്രിയയ്ക്ക് നിർദിഷ്ട കാലം അധ്യാപനപരിചയം ഇല്ലെന്നു പരാതി വന്നപ്പോൾ അവർ സർവീസിൽ ഇരിക്കെ ഗവേഷണത്തിനു പോയ കാലം അധ്യാപന പരിചയത്തിനായി കണക്കാക്കാമോയെന്നു യുജിസിയോട് ആരാഞ്ഞു. യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. 

പ്രിയ 2 വർഷം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി സർവകലാശാലയിൽ ജോലി ചെയ്തിട്ടുണ്ട്. ഇത് അധ്യാപന പരിചയമായി പരിഗണിക്കാമോയെന്നു സർവകലാശാലാ നിയമ ഉപദേഷ്ടാവിനോടും അഡ്വക്കറ്റ് ജനറലിനോടും ആരാഞ്ഞു. ഇതും ഗവേഷണ കാലവും അധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു നിയമോപദേശം. അതോടെ പ്രിയയ്ക്ക് 8 വർഷത്തിലേറെ അധ്യാപന പരിചയമാകും. അതിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക അംഗീകരിച്ചതെന്നും നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും വിസി വാദിച്ചിരുന്നു. 

English Summary: Kerala Governor Arif Mohammad Khan's Decision on the appointment of Priya Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com