ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാല ചെലവിനു കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 1000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. അടുത്തമാസം 8000 കോടി രൂപയിലേറെ ഖജനാവിൽ നിന്നു ചെലവാക്കേണ്ടിവരും. ബോണസും ഉത്സവബത്തയും അഡ്വാൻസും ആണ് അധികമായി വരുന്ന പ്രധാന ചെലവ്. ബോണസിന്റ‌ കാര്യത്തിൽ അടുത്തയാഴ്ചയോടെ ധനവകുപ്പ് തീരുമാനമെടുക്കും. 2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് ഒരുമിച്ചു നൽകാനാണു തീരുമാനം. 

കഴിഞ്ഞ വർഷം 4000 രൂപ ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 15,000 രൂപ വീതം ഓണം അഡ്വാൻസും നൽകി. പാർട്‌ടൈം കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസ് നൽകി. ഇത്തവണയും സമാനമായ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യമാണു ധനവകുപ്പു പരിഗണിക്കുന്നത്. 

രണ്ടുമാസത്തെ ക്ഷേമപെൻഷനായി 3200 രൂപ വീതമാണു നൽകേണ്ടത്. ഇതിനുമാത്രം 1800 കോടി രൂപ വേണ്ടിവരും. ഒരു മാസം ശമ്പളത്തിനും പെൻഷനും മാത്രമായി ഏകദേശം 5000 കോടി രൂപയാണു സർക്കാർ ചെലവിടുന്നത്. ബോണസ് ഉൾപ്പെടെയു‌ള്ള മറ്റു ചെലവുകൾ കൂടി ചേരുമ്പോൾ ഇത് 8000 കോടിയായി ഉയരും. അധിക ചെലവിനായി കടമെടുക്കേണ്ടിവരുമെന്നു സമ്മതിക്കുന്ന ധനവകുപ്പ് എത്ര തുക വേണ്ടിവരുമെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നു വിശദീകരിക്കുന്നു. 

കടമെടുക്കുന്നതിനും നിയന്ത്രണം

കടമെടുക്കാമെന്നു വച്ചാലും കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ വെല്ലുവിളിയാണ്. ഡിസംബർ വരെ 17,936 കോടി മാത്രമേ കടമെടുക്കാൻ അനുമതിയുള്ളൂ. വികസന പദ്ധതികൾക്ക് കിഫ്ബിയും ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു നിന്നേ പറ്റൂ. അതിനാൽ പരമാവധി തുക മറ്റു മാർഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. 

English Summary: Ggovernment of Kerala to take 1000 crore loan to meet onam expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com