ADVERTISEMENT

കൊച്ചി∙ എഴുത്തുകാരിയെ കടന്നുപിടിച്ചു ചുംബിച്ച കേസിൽ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമവും ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതു നിയമപരമല്ലെന്നാണു വാദം.

2022 ഏപ്രിൽ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിർന്നുവെന്നാണു പരാതി. ലൈംഗിക ചുവയുള്ള വാട്സാപ് സന്ദേശങ്ങൾ അയച്ചുവെന്നും പരാതിയിലുണ്ട്. പരാതിക്കാരി പട്ടികജാതി വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിർന്നുവെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന്റെ എതിർപ്പു മറികടന്നാണു സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്ക്കോടതി നിഗമനം ശരിയല്ലെന്നു സർക്കാരിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജാതി സമ്പ്രദായത്തിനെതിരെ പോരാടുന്ന സിവിക് ചന്ദ്രൻ പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നും സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു. സിവിക് ചന്ദ്രൻ എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല. തന്റെ ജാതി അറിഞ്ഞുകൊണ്ട് അതിക്രമത്തിനു മുതിർന്നതായി അതിജീവിത പ്രഥമവിവര മൊഴിയിൽ പറഞ്ഞിട്ടില്ലെന്നും വിലയിരുത്തിയിരുന്നു. സെഷൻസ് കോടതിയുടെ ഈ നിഗമനങ്ങൾ നിയമപരമല്ല.

പിതാവു മരിച്ച യുവതി നേരിട്ട മാനസിക സമ്മർദം പരാതി വൈകാൻ ഇടയാക്കിയിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. കൊയിലാണ്ടിയിൽ 2 വർഷം മുൻപു നടന്ന സാഹിത്യ ക്യാംപിൽ വച്ചു മറ്റൊരു യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലും കോടതി സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമായിരുന്നു എന്ന് ഈ വിധിയിൽ പറഞ്ഞതു വിവാദമായിരുന്നു. 

English Summary: Kerala government seeks cancellation of Civic Chandrans bail in sexual harassment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com