ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലാ മലയാളം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ എന്തുകൊണ്ടാണു മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് നൽകിയതെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ ഗവർണറുടെ ഹിയറിങ്ങിൽ വിശദീകരിക്കേണ്ടി വരും. അവർക്കു വിശദീകരിക്കാനാകുന്നില്ലെങ്കിൽ ബോർഡ് ചെയർമാനായ വൈസ് ചാൻസലർ വിശ്വസനീയമായ മറുപടി നൽകണം.

ഓൺലൈൻ ഇന്റർവ്യൂവിന്റെ റിക്കോർഡിങ് ലഭ്യമാണെങ്കിൽ ഗവർണർക്കു പരിശോധിക്കാനാകും. കോടതിക്കും ഇതു പരിശോധിക്കാം. റിസർച് സ്കോറിൽ മുന്നിലുള്ളവരെക്കാൾ മികച്ച പ്രകടനമാണോ ഇന്റർവ്യൂവിൽ പ്രിയ കാഴ്ചവച്ചതെന്നും വ്യക്തമാകും. അപേക്ഷകരുടെ യോഗ്യത വിലയിരുത്തിയ സ്ക്രീനിങ് കമ്മിറ്റിയിലെ 4 പേരിൽ 2 പേരും മലയാളം വിദഗ്ധർ അല്ലായിരുന്നു. ഒരു ദിവസം കൊണ്ട് അവർ അപേക്ഷകരുടെ സ്ക്രീനിങ് പൂർത്തിയാക്കി 4 പേരെ അയോഗ്യരാക്കുകയും 6 പേരെ ഇന്റർവ്യൂവിനു വിളിക്കുകയും ചെയ്തു. 

യുജിസിയുടെ പുതിയ വ്യവസ്ഥപ്രകാരം ഇന്റർവ്യൂ ബോർഡിലെ വിദഗ്ധർ തന്നെയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ ജോലി കൂടി ചെയ്യേണ്ടത്. എന്നാൽ ഇവിടെ ഓൺലൈൻ ഇന്റർവ്യൂ ആയതിനാൽ അപേക്ഷകരുടെ ഗവേഷണരേഖകളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കാൻ ഇന്റർവ്യൂ ബോർഡിനു സാധിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

ഗവർണറുടെ നടപടിക്കെതിരെ സർവകലാശാല കോടതിയിലേക്ക്

കണ്ണൂർ ∙ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനു നിയമനം നൽകുന്നതു സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ  ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനം. സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശപ്രകാരം, ഇന്നലെ ഉച്ചയ്ക്ക് ഓൺലൈൻ ആയി ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗത്തിലാണു തീരുമാനം. 

ഗവർണറുടെ തീരുമാനം, സർവകലാശാലാ ആക്ട് പ്രകാരം നിലനിൽക്കില്ലെന്നാണ് സ്റ്റാൻഡിങ് കൗൺസൽ നൽകിയ നിയമോപദേശം. സർവകലാശാലാ ആക്ട്, സ്റ്റാറ്റ്യൂട്ട് തുടങ്ങിയവയ്ക്കു വിരുദ്ധമായി ഉത്തരവുകളോ നടപടിയോ മറ്റോ ഉണ്ടായാൽ ഗവർണർക്ക് ഇടപെടാമെന്നും അതിനു മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകണമെന്നുമാണു കണ്ണൂർ സർവകലാശാലാ ആക്ടിൽ പറയുന്നത്. 

പ്രിയ വർഗീസിന്റെ കാര്യത്തിൽ അത്തരത്തിൽ നിയമവിരുദ്ധമായ ഒന്നുമുണ്ടായിട്ടില്ല. അടിസ്ഥാന യോഗ്യതകളുള്ള അപേക്ഷകരെയാണ് അഭിമുഖത്തിനു വിളിച്ചത്. സ്ക്രീനിങ് കമ്മിറ്റിയും അഭിമുഖം നടത്തിയ സിലക്‌ഷൻ കമ്മിറ്റിയും ആക്ടിൽ പറയുന്നതു പ്രകാരം രൂപീകരിച്ചതാണ്. ഈ സാഹചര്യത്തിൽ, ഗവർണറുടെ സ്റ്റേ നിലനിൽക്കില്ല – സ്റ്റാൻഡിങ് കൗൺസൽ ഐ.വി.പ്രമോദ് നൽകിയ നിയമോപദേശത്തിൽ പറഞ്ഞു. വിദഗ്ധമായ നിയമോപദേശം തേടിയ ശേഷമായിരിക്കും കോടതിയെ സമീപിക്കുക.

English Summary: Priya Varghese appointment controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com