ADVERTISEMENT

പാലക്കാട് ∙ സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളെല്ലാം അറസ്റ്റിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് ബിജെപി ബൂത്ത് ഭാരവാഹിയും മറ്റൊരു പ്രതി കല്ലേപ്പുള്ളി കുറുപ്പത്ത് ആവാസ് 2016 വരെ ആർഎസ്എസ് ഭാരവാഹിയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയവർ ഉൾപ്പെടെ 12 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയമായി ഏറെ വിവാദം സൃഷ്ടിച്ച കേസിൽ ഒരാഴ്ചയ്ക്കുള്ളിലാണ് ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. സ്വാതന്ത്ര്യദിന തലേന്ന് രാത്രി ഒൻപതോടെയാണു കുന്നങ്കാടു വച്ച് ഷാജഹാനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പരമാവധി വേഗത്തിൽ അന്വേഷണസംഘം പ്രതികളെ പിടികൂടിയെങ്കിലും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് വിവാദം തുടരുന്നു.

പ്രതികൾ ബിജെപി, ആർഎസ്എസുകാരാണെന്ന് സിപിഎമ്മും, കൊലപാതകികൾ സിപിഎമ്മുകാരെന്നും സിപിഎമ്മിനകത്തെ വിഭാഗീയതയാണു കൊലയ്ക്കു കാരണമെന്നു ബിജെപിയും ആരോപിക്കുന്നു. പ്രതികൾ തങ്ങൾ സിപിഎമ്മുകാരെന്നും വെളിപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിനീഷുമായി മലമ്പുഴ കവ ചേമ്പന വനമേഖലയിൽ നടത്തിയ തെളിവെടുപ്പിൽ കോഴിമലയിൽ പാറക്കല്ലിനടിയിൽ ഒളിപ്പിച്ചുവച്ചിരുന്ന 4 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതികൾ ഇവിടെ ഒളിവിൽ കഴിയുമ്പോൾ ഭക്ഷണം എത്തിച്ചതു ജിനേഷ് ആണെന്നു പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ ആവാസ്, സിദ്ധാർഥൻ എന്നിവരുമായി കല്ലേപ്പുള്ളിയിലെ കോഴിക്കടയിൽ തെളിവെടുത്തു. ഇവിടെവച്ചാണു പ്രതികൾക്ക് ആയുധങ്ങൾ  കൈമാറിയതെന്നാണു കണ്ടെത്തൽ. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

‘‘ബിജെപിക്കും ആർഎസ്എസിനും മാത്രമേ ഇത്തരത്തിൽ അരുംകൊല ചെയ്യാൻ കഴിയൂ. ഭർത്താവിന്റെ ജീവനെടുത്തത് അവരാണ്. ഞങ്ങളെ കണ്ണീരിലാഴ്ത്തിയത് ആർഎസ്എസ് ആണ്. കൂടെ നടന്നവർ പാർട്ടി മാറി കൊലയാളികളായി. ഷാജഹാനു നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഓഗസ്റ്റ് 15ന് കൊടിയുയർത്താൻ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തിയിരുന്നു.’’

ഐഷ, കൊല്ലപ്പെട്ട ഷാജഹാന്റെ ഭാര്യ

English Summary: Palakkad Shajahan murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com