ADVERTISEMENT

കണ്ണൂർ ∙ ആറാം തവണയും നഗരസഭാ ഭരണം ഉറപ്പാക്കിയെങ്കിലും പാർട്ടിയുടെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ അടിത്തറയുലഞ്ഞ വേവലാതിയിലാണു സിപിഎം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ച മട്ടന്നൂർ നിയമസഭാ മണ്ഡലത്തിനു കീഴിലെ നഗരസഭയിൽ സീറ്റുകൾ ഇരട്ടിയാക്കി യുഡിഎഫ് നടത്തിയ മുന്നേറ്റമാണു സിപിഎമ്മിനെ ആശങ്കയിലാക്കുന്നത്. യുഡിഎഫ് 4 സീറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടുമായിരുന്നു.

4 സീറ്റുകളിൽ യുഡിഎഫ് തലനാരിഴയ്ക്കാണു പരാജയപ്പെട്ടത്: 4 വോട്ട്, 33 വോട്ട്, 45 വോട്ട്, 53 വോട്ട്. ഇതും എൽഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. സിപിഎമ്മിന്റെ സീറ്റുകൾ 25ൽ നിന്ന് 19 ലേക്ക് താഴ്ന്നതും കോൺഗ്രസ് 5 സീറ്റുകളും ലീഗ് 2 സീറ്റുകളും അധികമായി നേടിയതും സിപിഎമ്മിന് ആഘാതമായി. ന്യൂനപക്ഷ വോട്ടുകൾ കാര്യമായി യുഡിഎഫിനെ തുണച്ചുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. യുഡിഎഫിലെ ലീഗ് സ്ഥാനാർഥിക്ക് എതിരെ റിബൽ മത്സരിച്ചിട്ടും മിനിനഗർ വാർഡിൽ സിപിഎം മൂന്നാം സ്ഥാനത്താണ്. 

ഭരണവിരുദ്ധ വികാരവും വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ തലത്തിലേക്ക് രണ്ടാം സർക്കാർ എത്തുന്നില്ലെന്ന വിമർശനം പാർട്ടിയിൽ ഉയരുമ്പോഴാണ് തിരഞ്ഞെടുപ്പു നടന്നത്. സർക്കാർ കൊട്ടിഘോഷിക്കുന്ന വികസനത്തിന് മട്ടന്നൂരിലെ വോട്ടർമാരുടെ പിന്തുണയുണ്ടായില്ലെന്നാണു വിലയിരുത്തൽ. നഗര ഭരണവും സംസ്ഥാന ഭരണവും നേരായ ദിശയിലാണോയെന്നു വിലയിരുത്തേണ്ട സന്ദർഭം കൂടിയാണ് ഇടതു പാർട്ടികൾക്കിത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ആവേശത്തോടെ രംഗത്തിറങ്ങാൻ യുഡിഎഫിന് മട്ടന്നൂരിലെ ഫലം കരുത്തു പകരും. 

മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എന്നിവരുടെ ജില്ലയിലെ നഗരസഭയിലാണു പാർട്ടിക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്റെയും കെ.കെ.ശൈലജയുടെയും മേൽനോട്ടമുണ്ടായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,936 വോട്ടുകൾക്കാണ് കെ.കെ.ശൈലജ മട്ടന്നൂരിൽ ജയിച്ചത്. ശൈലജയുടെ വീടിരിക്കുന്ന ഇടവേലിക്കൽ വാർഡിലാണ് ഇത്തവണ നഗരസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെങ്കിലും അത് കഴിഞ്ഞ തവണത്തേതിലും കുറഞ്ഞു. കഴിഞ്ഞ തവണ ഭൂരിപക്ഷം 671 ഉണ്ടായിരുന്നത് 580 ആയി. 

English Summary: Mattannur muncipality election analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com