ADVERTISEMENT

തിരുവനന്തപുരം∙ ‘റോക്കട്രി ദ് നമ്പി ഇഫക്ട്’ എന്ന സിനിമയ്ക്കെതിരെ ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞർ. സിനിമയിലൂടെ നമ്പി നാരായണൻ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐഎസ്ആർഒയെയും അവിടത്തെ ശാസ്ത്രജ്ഞരെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നു മുൻ ഡയറക്ടർ (എൽപിഎസ്‌ഇ, ഐഎസ്ആർഒ) ഡോ. എ.ഇ. മുത്തുനായകത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ പറഞ്ഞു.

ഐഎസ്ആർഒയുമായി ബന്ധപ്പെട്ട സിനിമയിലധികവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. സ്കോട്‌ലാൻഡിൽ നിന്ന് 400 ദശലക്ഷം പൗണ്ടിന്റെ ഹ്രൈഡോളിക് പ്ലാന്റും ഉപകരണങ്ങളും നമ്പി നാരായണൻ വഴി ഇന്ത്യയ്ക്കു കിട്ടിയെന്നും അദ്ദേഹം ക്രയോജനിക് എൻജിൻ താഷ്കന്റ്– കറാച്ചി വഴി ഇന്ത്യയിൽ കൊണ്ടുവന്നെന്നും സിനിമയിലുള്ളത് കള്ളമാണ്.

ഐസ്ആർഒയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ല നമ്പിക്കു പത്മ പുരസ്കാരം ലഭിച്ചത്. അങ്ങനെയാണെങ്കിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലത്ത് ലഭിക്കേണ്ടതായിരുന്നു. പുരസ്കാരത്തിനായി നമ്പിയെ ഒരു സമയത്തും ബഹിരാകാശ വകുപ്പ് ശുപാർശ ചെയ്തിട്ടില്ല.

isro
ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞർ വാർത്താ സമ്മേളനം നടത്തിയപ്പോൾ.

പിൽക്കാലത്ത് രാഷ്ട്രപതിയായ എ.പി.െജ. അബ്ദുൽ കലാമിനെപ്പോലും താൻ തിരുത്തിയിട്ടുണ്ടെന്നാണ് നമ്പി സിനിമയിൽ പറയുന്നത്. 1968ൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച നമ്പി ഏതാനും മാസം മാത്രമേ കലാമിനു കീഴിൽ ജോലി ചെയ്തിട്ടുള്ളൂ. ചാരക്കേസിൽ അറസ്റ്റിലാകുന്നതു വരെ തന്റെ കീഴിലായിരുന്നു നമ്പി ജോലി ചെയ്തിരുന്നത്. യുഎസിൽ പിജി പഠനത്തിന് അയച്ചത് വിക്രം സാരാഭായി ആണെന്ന വാദവും തെറ്റാണ്.

തന്റെ അറസ്റ്റുമൂലം ക്രയോജനിക് ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും നമ്പി പറയുന്നു. എൺപതുകളുടെ പകുതിയിലാണ് ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എൻജിൻ ചുമതല ഏറ്റെടുക്കുന്നത്. നമ്പിക്ക് ഇതുമായി ബന്ധമില്ല. 90–ൽ നമ്പിയെ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ടിന്റെ ഡയറക്ടറാക്കിയത് താനാണ്. ക്രയോജനിക് സാങ്കേതിക വിദ്യ സംബന്ധിച്ച് ചർച്ചകൾക്കായി നമ്പിയെ റഷ്യയിലേക്ക് അയച്ചിട്ടില്ല.

94– ൽ സ്വയം വിരമിക്കാൻ നമ്പി തനിക്ക് അപേക്ഷ നൽകി. എന്നാൽ ആ മാസം തന്നെ അറസ്റ്റിലായി. കേസ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രത്യേക ചുമതലകളൊന്നും നൽകിയില്ല. വികാസ് എൻജിൻ വികസിപ്പിച്ചതും തന്റെ ശ്രമഫലമാണെന്ന നമ്പിയുടെ വാദവും തെറ്റാണ്. 21,000 പേർ ജോലി ചെയ്യുന്ന ഐഎസ്ആർഒയുടെ വിജയങ്ങളെല്ലാം ഒന്നോ രണ്ടോ വ്യക്തികളുടെ സൂപ്പർ പവർ കൊണ്ടാണെന്ന് സിനിമ കണ്ടാൽ തെറ്റിദ്ധരിക്കപ്പെടും. ഇല്ലാത്ത അവകാശവാദങ്ങളെപ്പറ്റി നമ്പിയെ വിളിച്ചു ചോദിച്ചപ്പോൾ മറുപടി നൽകാതെ ‘നേരിട്ടു വന്നു കണ്ട് വിശദീകരിക്കാ’മെന്നു പറഞ്ഞതല്ലാതെ ഇതുവരെ കണ്ടിട്ടില്ലെന്നും മുത്തുനായകം പറഞ്ഞു. 

English Summary: ISRO Scientists against Nambi Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com