ADVERTISEMENT

കളമശേരി ∙ എടിഎം പണാപഹരണത്തിനു പിടിയിലായ യുപി സ്വദേശി മുബാറക് അലി അൻസാരിയെ (40) നോർത്ത് കളമശേരിയിൽ  എടിഎമ്മിലെത്തിച്ചു പൊലീസ് തെളിവെടുത്തു. പണം തട്ടിയെടുക്കുന്നതിന് ഉപയോഗിച്ച സ്കെയിലിനു സമാനമായ പ്ലാസ്റ്റിക് കഷണം ഉപയോഗിച്ചു പണം കവർന്ന രീതി മുബാറക് പൊലീസിനു കാണിച്ചു കൊടുത്തു. ഈ എടിഎമ്മിൽ നിന്നു 18നും 19നും 7 തവണ മുബാറക് 25,000 രൂപയാണ് തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ മുബാറക്കിനെ റിമാൻഡ് ചെയ്തു.

നഗരത്തിലെ വിവിധ ഇടങ്ങളിലായി 11 എടിഎമ്മുകളിൽ 140 തവണ തട്ടിപ്പു നടത്തിയെന്നു സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കളമശേരിയിൽ മാത്രമാണു പരാതി ലഭിച്ചിട്ടുള്ളത്. വെബ്സൈറ്റിൽ നിന്നു എടിഎമ്മുകളെക്കുറിച്ചു മനസ്സിലാക്കിയ ശേഷമാണു തട്ടിപ്പിനു ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. 

  പൊലീസ്  അന്വേഷിച്ചു നടക്കുമ്പോൾ എടിഎമ്മിൽ നടത്തിയ തട്ടിപ്പിന്റെ വാർത്തകളും പടങ്ങളും ഓൺലൈൻ ചാനലുകളിൽ നിന്നു ഡൗൺലോഡ് ചെയ്ത് ആസ്വദിക്കുകയായിരുന്നു മുബാറക്കെന്നും മോഷണ സമയത്തു ധരിച്ചിരുന്ന ടീഷർട്ട് മാറി പുതിയതു ധരിച്ചായിരുന്നു പിന്നീടുള്ള യാത്രയെന്നും പൊലീസ് പറഞ്ഞു. 

മുഖം മറയ്ക്കാതെയായിരുന്നു മുബാറക്ക് എടിഎമ്മിൽ കയറിയത്. മാസ്ക് ധരിക്കുന്നതും മുഖം മറയ്ക്കുന്ന കാര്യവും ശ്രദ്ധിച്ചില്ലെന്നാണു മുബാറക് പറഞ്ഞതെന്നു പൊലീസ് പറ‍ഞ്ഞു. 

 

പണം നൽകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി∙  ഇടപാടുകാർക്കു നഷ്ടപ്പെട്ട പണം തിരികെ നൽകുമെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. പരാതി നൽകിയവർക്ക് ഇതിനകം പണം തിരികെ നൽകി. മറ്റു ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവർക്കും നഷ്ടപ്പെട്ട തുക തിരികെ നൽകുമെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പു മനസ്സിലാക്കിയ ഉടൻ പൊലീസിനെ വിവരം അറിയിച്ചതോടെ മറ്റ് ബാങ്ക് എടിഎമ്മുകളിലേക്കും മോഷണം വ്യാപിക്കാതെ തടയാൻ കഴിഞ്ഞതായി ബാങ്ക് അധികൃതർ പറഞ്ഞു.

 

English Summary: ATM theft Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com