ADVERTISEMENT

കൊച്ചി ∙ കെട്ടുപാടുകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിനു തടസ്സമാകുന്ന ദുരാചാരമായാണു പുതിയ തലമുറ വിവാഹത്തെ കണക്കാക്കുന്നതെന്നു ഹൈക്കോടതി. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ പോലും സ്വാധീനിച്ചെന്നും എപ്പോൾ വേണമെങ്കിലും ‘ഗുഡ് ബൈ’ പറഞ്ഞു പോകാൻ കഴിയുന്ന ‘ലിവിങ് ടുഗതർ’ രീതി കേരളത്തിൽ കൂടുകയാണെന്നും കോടതി പറഞ്ഞു. 

ആലപ്പുഴ കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ 3 കുട്ടികളുടെ പിതാവായ പുളിങ്കുന്ന് സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന ‘യൂസ് ആൻഡ് ത്രോ’ സംസ്കാരം വിവാഹ ബന്ധങ്ങളിൽ കടന്നു കൂടുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. 

ഭാര്യ എന്നാൽ ‘എന്നേക്കുമുള്ള മുതൽക്കൂട്ട്’ (WIFE- Wise Investment for ever) എന്ന പഴയ കാഴ്ചപ്പാടിനു പകരം ‘അന്തമില്ലാത്ത ആവലാതി’ ((WIFE–Worry invited for ever) എന്നു പുതിയ നിർവചനം നൽകുന്ന യുഗമാണിത്. ഒരു കാലത്ത് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തമായിരുന്ന കേരളത്തിൽ പോലും സ്ഥിതി മാറി. സ്വാർഥ താൽപര്യങ്ങൾക്കും വഴിവിട്ട ബന്ധങ്ങൾക്കും വേണ്ടി വിവാഹമോചനം തേടുന്നവർ കുട്ടികളെക്കുറിച്ചു പോലും ചിന്തിക്കുന്നില്ല. പരസ്പരം കലഹിക്കുന്ന ദമ്പതികളും ആശയറ്റ വിവാഹമോചിതരും അനാഥരായ കുട്ടികളും നാടിനു ഭൂഷണമല്ലെന്നും, സമൂഹത്തിൽ അശാന്തി നിറയാനും വളർച്ച മുരടിക്കാനും അതിടയാക്കുമെന്നും കോടതി പറഞ്ഞു. 

മതങ്ങളും നിയമങ്ങളും വിവാഹ ബന്ധത്തെ പവിത്രമായാണു കാണുന്നത്. നീതിന്യായ കോടതികൾ വഴിയോ വ്യക്തി നിയമങ്ങൾ അനുസരിച്ചോ വിവാഹം വേർപിരിയാൻ മതിയായ കാരണം വേണം. ചെറിയ വഴക്കുകളും വൈകാരിക പ്രതികരണങ്ങളും വിവാഹമോചനം അനുവദിക്കാൻ തക്ക കാരണമല്ലെന്നു കോടതി പറഞ്ഞു. 

ഹർജിക്ക് ആധാരമായ കേസിൽ, ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്നു പറഞ്ഞാണു ഭർ‍ത്താവ് വിവാഹമോചനം തേടിയത്. എന്നാൽ, മറ്റൊരു സ്ത്രീയുമായി അടുപ്പമുള്ളതു കൊണ്ടാണു വിവാഹമോചനം തേടുന്നതെന്നു ഭാര്യയും, ഭർത്താവിന്റെ അമ്മ ഉൾ‍പ്പെടെ ബന്ധുക്കളും അറിയിച്ചതോടെ ആലപ്പുഴ കുടുംബക്കോടതി ഹർജി തള്ളി. വഴിവിട്ട ബന്ധം തുടരാൻ വേണ്ടി നിയമപരമായി വിവാഹം ചെയ്ത ഭാര്യയെയും മക്കളെയും ഒഴിവാക്കാൻ കോടതിയെ കൂട്ടുപിടിക്കരുതെന്നു താക്കീത് ചെയ്ത ഡിവിഷൻ ബെഞ്ച്, അപ്പീൽ തള്ളി. 

English Summary: Hign Court remark on divorce raises controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com