ADVERTISEMENT

കോഴിക്കോട് ∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ദുബായിലെ അക്കൗണ്ടിലെത്തിയ പണം ഇന്ത്യയിലെത്തിക്കാൻ സഹായിച്ചവരെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. 

ദുബായിൽ നിന്ന് കുഴൽപണ സംഘങ്ങൾ നാട്ടിലെത്തിച്ച പണം പ്രതികൾക്കു കൈമാറും. നാട്ടിലെത്തിച്ച പണം സിഡിഎം  വഴി പ്രതികളുടെ പല  അക്കൗണ്ടുകളിലേക്കായി അയച്ചിട്ടുണ്ട്. സിഡിഎമ്മുകൾ വഴി വഴി പണം നിക്ഷേപിക്കുന്നത് ആരാണെന്നു രേഖപ്പെടുത്താത്തതിനാൽ അയയ്ക്കുന്നവർക്കു സ്രോതസ്സ് വ്യക്തമാക്കേണ്ടി വരില്ല. 

എന്നാൽ പ്രതികളുടെ പല അക്കൗണ്ടുകളിലായി കഴിഞ്ഞ 3 വർഷത്തിനിടെ കോടികൾ എത്തിയിട്ടും പ്രതികൾ പിടിയിലാവുന്നതുവരെ ഇക്കാര്യം അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ പെട്ടില്ല. 

സമാന്തര ഫോൺ എക്സ്ചേഞ്ചുകളുടെ മറവിൽ 46 കോടി രൂപയുടെ അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. സമാന്തര  എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ടു നടന്ന അനധികൃത പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇഡി ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ ചില കുഴൽപണ, സ്വർണക്കടത്ത് സംഘങ്ങൾ സമാന്തര എക്സ്ചേഞ്ചുകളിൽ പണം നിക്ഷേപിച്ചതായും വിവരമുണ്ട്. സ്വർണക്കടത്തിന്റെയും കുഴൽപണ ഇടപാടുകളുടെയും ആസൂത്രണത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായാണ് സമാന്തര എക്സ്ചേഞ്ചുകൾ വഴിയുള്ള ഫോൺവിളികൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പ്രധാന ഇടപാടുകാർ വിദേശത്താണ്.   

സമാന്തര എക്സ്ചേഞ്ചുകളുടെ പണമിടപാടുകൾ നടത്തിയിരുന്നത്  ദുബായ് കേന്ദ്രീകരിച്ചാണെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, യുഎഇ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നു  ഇന്ത്യയിലേക്കുള്ള സമാന്തര ടെലിഫോൺ റൂട്ടുകൾ വിൽപന നടത്തിയതിന്റെ പ്രതിഫലവും പ്രതികളുടെ ദുബായിലെ അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നത്. ഈ പണം നാട്ടിലെത്തിക്കാൻ സഹായിച്ചവരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. 

പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ പി.അബ്ദുൽ ഗഫൂർ, എം.ജി.കൃഷ്ണപ്രസാദ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നലെ പൂർത്തിയായി. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

ആഫ്രിക്കയിൽനിന്നു പണമെത്തി

ദക്ഷിണാഫ്രിക്ക, ടാൻസനിയ, യുഗാണ്ട, എറിത്രിയ എന്നീ രാജ്യങ്ങളിൽ നിന്നു   സമാന്തര എക്സ്ചേഞ്ച് നടത്തിപ്പുകാരുടെ ദുബായിലെ അക്കൗണ്ടുകളിലേക്ക് പണമെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ  4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു സമാന്തര ടെലിഫോൺ റൂട്ടുകൾ വിൽപന നടത്തിയതിന്റെ പ്രതിഫലമാണിത്. ടാൻസനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സ്വർണക്കടത്ത് സംഘങ്ങളാണ് എക്സ്ചേഞ്ചുകളുടെ പ്രധാന ഇടപാടുകാർ എന്നാണ് വിവരം. ആഫ്രിക്കൻ രാജ്യങ്ങളിലെ ചില സൈബർ തട്ടിപ്പുസംഘങ്ങളും സമാന്തര എക്സ്ചേഞ്ചുകളുടെ സേവനം തേടുന്നുണ്ട്.

 

English Summary: : Parallel telephone exchange case kozhikode investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com