ADVERTISEMENT

തൊടുപുഴ ∙ പാർട്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കുകയും നേതാക്കൾക്കെതിരെ മാധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തുകയും ചെയ്ത പീരുമേട് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ കടുത്ത അച്ചടക്കലംഘനം നടത്തിയതായി സിപിഐ ജില്ലാ കൗൺസിൽ. സംഭവത്തിൽ വിശദീകരണം തേടി ബിജിമോൾക്ക് നോട്ടിസ് നൽകാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.

ബിജിമോൾ തുടരുന്ന പാർട്ടിവിരുദ്ധ നിലപാടുകൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണു ബിജിമോൾ പാർട്ടിക്കും നേതാക്കൾക്കുമെതിരെ വിമർശനമുയർത്തിയത്. ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുപ്പിനിടയാക്കിയ സാഹചര്യങ്ങൾ സംസ്ഥാനസമിതി അംഗം കെ.കെ ശിവരാമനും ജില്ലാ സെക്രട്ടറി കെ.സലിംകുമാറും യോഗത്തിൽ വിശദീകരിച്ചു. 

പാർട്ടിയുടേതു സ്ത്രീവിരുദ്ധ നിലപാടുകളാണെന്നു പ്രചരിപ്പിച്ചതിനു പുറമേ മുതിർന്ന നേതാവായ ശിവരാമനെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ബിജിമോളോട് ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന നിലപാട് യോഗത്തിൽ വനിതാ പ്രതിനിധികൾ ഉൾപ്പെടെ സ്വീകരിച്ചു. എന്നാൽ, ബിജിമോളും കൗൺസിൽ അംഗമായ ഭർത്താവ് റെജിയും യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു.

ബിജിമോളെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കണം എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ നേരത്തേ പിന്തുണച്ച വാഴൂർ സോമൻ എംഎൽഎയും വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായ സംസ്ഥാനസമിതി അംഗം പി.മുത്തു പാണ്ടിയും ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കുകയും ബിജിമോൾക്കു നോട്ടിസ് നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. കൗൺസിൽ തീരുമാനത്തെക്കുറിച്ച് ബിജിമോൾ പ്രതികരിച്ചില്ല.

English Summary: CPI seek explanation from E.S Bijimol on criticism against Idukki district leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com