ADVERTISEMENT

തിരുവനന്തപുരം ∙ കെ.കെ.ശൈലജയ്ക്കു മാഗ്സസെ പുരസ്കാരം വിലക്കിയതിന്മേലുള്ള വിശദീകരണങ്ങളെപ്പറ്റി സിപിഎമ്മിനുള്ളിൽ സമ്മിശ്ര പ്രതികരണം. പുരസ്കാര സ്വീകരിക്കാൻ അനുവദിക്കാത്തത് പാർട്ടിക്കുള്ളിൽ നീറിക്കത്തുന്നുമുണ്ട്.

പുറത്തു വിവാദത്തിൽ കക്ഷിചേരാൻ നേതാക്കൾ ആരും തയാറായില്ല. ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ശൈലജയും വിശദീകരിച്ചതോടെ ആ അധ്യായം അടഞ്ഞെന്നാണു പാർട്ടി നിലപാട്. എന്നാൽ, തീരുമാനം ശരിയോ തെറ്റോ എന്നതു സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ നേതൃതലത്തിൽ ഉണ്ട്.

cartoon

ശൈലജയ്ക്കു 2021 ൽ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ പുരസ്കാരം ലഭിച്ചിരുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ കാണിച്ച നേതൃമികവായിരുന്നു അതിനും ആധാരം. മധ്യ യൂറോപ്പിൽ കമ്യൂണിസം തകർക്കാൻ പ്രവർത്തിച്ച ഒരാളെന്നു വിലയിരുത്തപ്പെടുന്ന ജോർജ് സോറോസാണ് ഈ സർവകലാശാല സ്ഥാപിച്ചത്. റമോൺ മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു എന്ന ന്യായം ഇപ്പോൾ പറയുന്ന പാർട്ടി ആ പുരസ്കാരം വിലക്കിയില്ല. 

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ കീർത്തി ലോകമെങ്ങും പടരുന്നതായി പാർട്ടിയും ഇടതുപക്ഷവും അവകാശപ്പെട്ട കാലത്തും അതിന്റെ പ്രചാരകർ കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്നവരാണോ എന്നതു പരിശോധിച്ചിട്ടില്ല. ‘വോഗ്’ മാസികയുടെ കവറിൽ ശൈലജ പ്രത്യക്ഷപ്പെട്ടതു പാർട്ടിക്കാരാണ് ഏറെ ആഘോഷിച്ചത്.

സജീവ രാഷ്ട്രീയ പ്രവർത്തകർക്ക് ഇതുവരെ മാഗ്സസെ പുരസ്കാരം നൽകിയിട്ടില്ല എന്ന സിപിഎമ്മിന്റെ വാദത്തെയും പലരും ഖണ്ഡിക്കുന്നു. 1965 ൽ ഇതേ പുരസ്കാരം ലഭിക്കുമ്പോൾ ജയപ്രകാശ് നാരായൺ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 

മാഗ്സസെക്കെതിരെ സിപിഎം ഈ നിലപാട് എടുക്കുമ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആ സമീപനമല്ല ഉള്ളതെന്നതും കൗതുകകരമാണ്. ചൈനീസ് സർക്കാരിലെ മുൻ ഉന്നതോദ്യോഗസ്ഥനും പരിസ്ഥിതി പ്രചാരകനും നിലവിൽ എത്‌നിക് അഫയേഴ്സ് കമ്മിഷൻ സഹമന്ത്രിയുമായ പാൻ യുവേ 2010 ൽ ഇതേ മാഗ്സസെ പുരസ്കാരം സ്വീകരിച്ചു. ശൈലജയെപ്പോലെ തന്നെ അദ്ദേഹവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്.

പുരസ്കാരം സംബന്ധിച്ച തീരുമാനം എടുത്തതു പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ് എന്നാണു സംസ്ഥാന നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ, ശൈലജ വ്യക്തിപരമായി ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതിനോടു സംസ്ഥാന നേതൃത്വത്തിന് ഉണ്ടായ വിയോജിപ്പാണു നിർണായകമായത്. പല ഘട്ടങ്ങളിലെ പരിശോധന കഴിഞ്ഞെത്തിയ പുരസ്കാരം വാങ്ങാൻ കഴിയുമെന്നാണു ശൈലജ കരുതിയത് എന്നാണ് വിവരം. 

പാർട്ടിയുടെ അനുമതി ഔപചാരികം മാത്രമായി കരുതി ചോദിച്ച അവർക്കു തെറ്റി. ഒന്നാം പിണറായി സർക്കാരിന്റെ നേട്ടം ഇപ്പോൾ മുൻമന്ത്രി മാത്രമായ നേതാവിനു ചാർത്തിക്കൊടുക്കേണ്ട എന്നായിരുന്നു സിപിഎമ്മിനെ നിയന്ത്രിക്കുന്നവരുടെ തീരുമാനം.

കൂടുതലൊന്നും പറയാനില്ലെന്ന് കെ.കെ.ശൈലജ

കണ്ണൂർ ∙ മഗ്സസെ അവാർഡ് നിരസിച്ചതുമായി ബന്ധപ്പെട്ട് പറയാനുള്ളതു പറഞ്ഞു കഴിഞ്ഞതാണെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും കെ.കെ.ശൈലജ. അവാർഡ് നിരസിക്കാനുള്ള തീരുമാനം പാർട്ടിയുമായി ആലോചിച്ച് എടുത്തതാണ്. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് കഴിഞ്ഞദിവസം സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും താനും വ്യക്തമാക്കിയിട്ടുണ്ടെന്നും ശൈലജ തലശ്ശേരിയിൽ പറഞ്ഞു.

English Summary: Discussion over double standards regarding Magsaysay award ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com