ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിനെ ഉൾപ്പെടെ തിരഞ്ഞെടുക്കാനായി പാർട്ടി ജനറൽ ബോഡി യോഗം നാളെ ചേരും. കെ.സുധാകരൻ പ്രസിഡന്റായി തുടരുമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ, പ്രസിഡന്റായി സുധാകരനെ തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം നാളെ ഉണ്ടാകാൻ ഇടയില്ല. പകരം പ്രസിഡന്റിനെ തീരുമാനിക്കാനായി കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കാനാണു സാധ്യത. 

കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടാതെ കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, എഐസിസി അംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരുടെ തിരഞ്ഞെടുപ്പും നാളത്തെ യോഗത്തിന്റെ അജൻഡയാണ്. എന്നാൽ ഇക്കാര്യങ്ങളിലും ചർച്ചയോ നിർദേശങ്ങളോ ഉയരാൻ ഇടയില്ല. അതും കോൺഗ്രസ് അധ്യക്ഷയെ അധികാരപ്പെടുത്താനാണു സാധ്യത. 

രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ എത്തിച്ചേരാനാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശം. കെപിസിസി ജനറൽ ബോഡി അംഗങ്ങൾക്കാണ് ഈ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമം ഔപചാരികമായി പൂർത്തിയാക്കാമെന്നും മത്സരം വേണ്ടെന്നുമുള്ള ധാരണയാണു സംസ്ഥാന നേതൃത്വത്തിലുള്ളത്. 

കെപിസിസി ജനറൽ ബോഡി പട്ടിക ഔദ്യോഗികമായി ഇനിയും പുറത്തു വിട്ടിട്ടില്ല. പകരം, യോഗത്തിന് എത്തിച്ചേരണമെന്നു ജനറൽ ബോഡി അംഗങ്ങളെ നേരിട്ട് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഒരാഴ്ച പിന്നിടുന്നതിനാൽ നാളെ യാത്രയ്ക്ക് ഒഴിവു ദിവസമാണ്. അതു കണക്കിലെടുത്ത് ഇന്നലെ തിരക്കിട്ടു യോഗം സംബന്ധിച്ച അറിയിപ്പ് നൽകുകയായിരുന്നു. 

കെപിസിസിയിൽ 77 പുതുമുഖങ്ങൾ

310 അംഗ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കു ഹൈക്കമാൻഡ് അംഗീകാരം നൽകി. 77 പുതുമുഖങ്ങളുണ്ട്. ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള 285 പേർക്കു പുറമേ പ്രധാന നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണു 310 അംഗങ്ങൾ. 

Content Highlight: KPCC president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com