കോട്ടയം ∙ സർവകലാശാലകളിലെ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. എംജി സർവകലാശാലയിലെ പ്രത്യേക ബിരുദദാനച്ചടങ്ങിന് എത്തിയപ്പോഴാണു ഗവർണർ നിലപാട് വ്യക്തമാക്കിയത്.
സർവകലാശാല പൊതുസ്ഥാപനമാണ്. സർവകലാശാലാ ക്യാംപസിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും അവരുടെ യുവജന സംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരം നൽകിയത്? ഇതിന്റെ പേരിൽ ഇവർ സർവകലാശാലയ്ക്കു ഫീസ് അടയ്ക്കുന്നുണ്ടോ? ക്യാംപസ് തങ്ങളുടെ സ്വത്താണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അനുവദിക്കാനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നതു കണ്ടുനിൽക്കാനാവില്ല. പോസ്റ്ററുകളുടെ പടം താൻ ഫോണിൽ എടുത്തുവച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലാ കവാടത്തിനു പുറത്ത് ‘ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനു സർവകലാശാലയിലേക്കു സ്വാഗതം’ എന്നു പറഞ്ഞ് ചിത്രം സഹിതം വലിയ ബോർഡ് വച്ചിരുന്നു. മറ്റാരുടെയും ചിത്രം ബോർഡിലുണ്ടായിരുന്നില്ല.
English Summary: Governor criticises posters in university