തന്നെ തൊട്ടു, മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു, വിടാതെ ഗവർണർ; രണ്ടുംകൽപിച്ച് തുറന്ന പോര്
Mail This Article
തിരുവനന്തപുരം ∙ ഗവർണറും മുഖ്യമന്ത്രിയും മറയില്ലാതെ ഏറ്റുമുട്ടാൻ തുടങ്ങിയതോടെ ഭരണ തലപ്പത്ത് അസാധാരണ സാഹചര്യം. മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി രംഗത്തു വരുമെന്ന മുന്നറിയിപ്പ് വരെ ഗവർണർ നൽകിയതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപിച്ചാണെന്നു വ്യക്തം.
ഗവർണർ അസംബന്ധം പറയുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അദ്ദേഹത്തെയും രോഷാകുലനാക്കി. ഗവർണറുടെ ശരീരഭാഷയും വാക്കുകളും അതു വ്യക്തമാക്കി. അതോടെ 2019 ലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ വരെ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സൂചന ഗവർണർ നൽകി. കേസെടുക്കാത്തതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഇടപെടലെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.
ചരിത്ര കോൺഗ്രസ് വേദിയിലെ ദൃശ്യങ്ങൾ അടുത്തയിടെ ഗവർണർ പരിശോധിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് സംഘാടക സമിതിയിലെ പ്രധാനിയും എംപിയും എന്ന നിലയിൽ അന്നു വേദിയിൽ നിറഞ്ഞു നിന്നിരുന്നു. സ്വാഗതം പറഞ്ഞത് ഇപ്പോൾ എകെജി സെന്റർ ഓഫിസ് സെക്രട്ടറിയായ അന്നത്തെ സിൻഡിക്കറ്റ് അംഗം ബിജു കണ്ടക്കൈയുമാണ്. ഗവർണർ നോക്കുമ്പോൾ ഇപ്പോൾ ഇവർ രണ്ടും പാർട്ടി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലും പ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്നവരാണ്.
പൗരത്വനിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ ആ വേദിയിൽ ഗവർണർ പൂർണമായും ഒറ്റപ്പെട്ടിരുന്നു. തന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന്, ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റ രാജ്ഭവനിലെത്തി ഗവർണറെ കണ്ടെങ്കിലും പ്രതിഷേധക്കാർക്കെതിരെ കേസെടുത്തില്ല. ഭരണത്തലവനായ തനിക്കു നേരെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ പരാതി താൻ തന്നെ നൽകാനില്ലെന്ന നിലപാടായിരുന്നു ഗവർണറുടേത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനം നടത്തുന്നവരുടെ പേരിൽ കേസെടുക്കാമെങ്കിൽ ഇതും ചെയ്യേണ്ടേ എന്നാണ് അടുത്തയിടെ അദ്ദേഹം രാജ്ഭവനിലെ ഒരു ചർച്ചയിൽ അഭിപ്രായപ്പെട്ടതും.
മൂന്നു വർഷം മുൻപത്തെ സംഭവം മറക്കാനോ പൊറുക്കാനോ തയാറല്ലെന്നാണ് ഗവർണറുടെ ഇന്നലത്തെ വാക്കുകൾ വ്യക്തമാക്കിയത്. നേരത്തേ പ്രതിഷേധത്തിന്റെ പേരിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിനും കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും എതിരെയാണ് അദ്ദേഹം തിരിഞ്ഞതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയെക്കൂടി ഉന്നം വയ്ക്കുന്നു. ബില്ലുകളിൽ ഒപ്പു വയ്ക്കാതെ ഗവർണർ കടുംപിടിത്തം തുടർന്നാൽ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ വരെ സമീപിക്കാൻ മടിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചത്.
സിപിഎമ്മും സിപിഐയും ഗവർണറെ രൂക്ഷമായി കടന്നാക്രമിച്ചപ്പോൾ രക്ഷയ്ക്കെത്തിയത് ബിജെപി നേതാക്കളാണ്. ഒരേ തൂവൽ പക്ഷികൾ എന്ന നിലയ്ക്ക് അതു ചെയ്യുമല്ലോ എന്നു സിപിഎം പരിഹസിക്കുകയും ചെയ്തു. ഭരണത്തലവനും മുഖ്യമന്ത്രിയും തമ്മിലെ പോര് ഭരണതലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധിയും പൊതുസമൂഹത്തിൽ സർക്കാരിന് ഉണ്ടാക്കുന്ന പ്രതിഛായാ ശോഷണവും പ്രയോജനപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആർക്കെങ്കിലും ഒപ്പം കക്ഷി ചേരാനും അവരില്ല.
തന്നെ തൊട്ടു; മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു
കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമന നീക്കം താൻ കൂടി അറിഞ്ഞാണെന്ന സൂചന ഗവർണർ നൽകിയതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സമീപ കാലത്ത് ഗവർണർ സൃഷ്ടിക്കുന്ന പ്രകോപനങ്ങളെ അവഗണിക്കുന്ന മനോഭാവമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചു വന്നത്.
എന്നാൽ, സ്റ്റാഫിലെ അംഗത്തിന്റെ ഭാര്യയ്ക്കായി സ്വജനപക്ഷപാത നീക്കം താൻ തന്നെ നടത്തുന്നുവെന്ന് ഗവർണറെ പോലെ ഒരാൾ ആരോപിച്ചതോടെ പിണറായി വിജയൻ പിന്നെ അറച്ചുനിന്നില്ല. പാർട്ടി പൊളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും കഴിഞ്ഞു മിനിയാന്ന് വൈകിട്ട് അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചതു തന്നെ ഗവർണർക്കു മറുപടി നൽകാനായിരുന്നു. നിയമസഭയിൽ നേരത്തേ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച ലഹരിവിരുദ്ധ പദ്ധതി അദ്ദേഹം അതിനു കാരണമാക്കുക മാത്രമാണ് ചെയ്തത്.
English Summary: Chief Minister Pinarayi Vijayan vs Governor Arif Mohammad Khan war of words