‘രാഗേഷ് പ്രതിഷേധക്കാരെ സംരക്ഷിച്ചു’; വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ഗവർണർ
Mail This Article
തിരുവനന്തപുരം ∙ ചരിത്ര കോൺഗ്രസിന്റെ വിഡിയോ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപണം സാധൂകരിച്ചു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതു തടയാനാണ് വേദിയിൽ ഇരുന്ന രാഗേഷ് താഴേക്ക് ഇറങ്ങിയത്. ഇക്കാര്യം പൊലീസ് അധികൃതർ തന്നെ അറിയിച്ചിരുന്നു. ജെഎൻയുവിൽ നിന്നും അലിഗഢ് സർവകലാശാലയിലും നിന്നും എത്തിയ പ്രതിഷേധക്കാരെ രക്ഷിക്കാൻ ഗവർണർ സംസാരിക്കുന്ന വേദി വിട്ട് രാഗേഷ് സദസ്സിലേക്കു പോയി. ഗവർണർ പോകാതെ മറ്റുള്ളവർ വേദി വിടാൻ പാടില്ലെന്നാണു നിബന്ധന. അന്ന് അറസ്റ്റ് തടഞ്ഞതിനുള്ള പ്രത്യുപകാരമാണ് രാഗേഷിനു ലഭിച്ച പ്രൈവറ്റ് സെക്രട്ടറി സ്ഥാനം.
രാഷ്ട്രപതി, ഗവർണർ തുടങ്ങിയവരെ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ഐപിസി 124–ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണ്. 7 വർഷം വരെ തടവും പിഴയും ലഭിക്കാം. ഇക്കാര്യത്തിൽ രാജ്ഭവൻ പരാതിപ്പെടില്ല. പൊലീസ് സ്വമേധയാ കേസ് എടുക്കേണ്ട കുറ്റമാണിത്. ഇത്രയുംനാൾ പിന്നിട്ടില്ലേയെന്ന ചോദ്യത്തോട്, ക്രിമിനൽ കുറ്റം നടന്നാൽ നിശ്ചിത കാലയളവിനുള്ളിൽ കേസ് എടുക്കണമെന്നു വ്യവസ്ഥയില്ലെന്നു ഗവർണർ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത പ്രതിഷേധമായിരുന്നു. ഒട്ടേറെ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന് കേന്ദ്രത്തിന് 5 ദിവസം മുൻപ് വിവരം ലഭിച്ചിരുന്നു. എന്നാൽ, സംസ്ഥാന ഇന്റലിജൻസ് ഒന്നുമറിഞ്ഞില്ല. ഈ പ്രശ്നം താൻ ആദ്യം കാര്യമാക്കിയില്ല. രാഷ്ട്രീയ സമ്മർദം തുടർന്നപ്പോഴാണ് ഇതിലെ ഗൂഢാലോചന മനസ്സിലായതെന്നും ഗവർണർ വിശദീകരിച്ചു.
കണ്ണൂർ വിസിയോട് ഇതെക്കുറിച്ചു വിശദീകരണം തേടിയപ്പോൾ താൻ സുരക്ഷാ വിദഗ്ധനല്ലെന്നാണു മറുപടി നൽകിയത്. ഇതു സംബന്ധിച്ച കത്തുകളും ഗവർണർ പുറത്തുവിട്ടു.
English Summary: Governor Arif Mohammad Khan against K.K. Ragesh