ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറുടെ അനധികൃതമായ ആവശ്യങ്ങളൊന്നും ഇനി അംഗീകരിച്ചുകൊടുക്കേണ്ടെന്ന് സർക്കാർ നിലപാട്. ഇതിന്റെ ഭാഗമായി, രാജ്ഭവനിൽ ഡെന്റൽ ക്ലിനിക് ആരംഭിക്കാൻ പണം ആവശ്യപ്പെട്ടുള്ള ഫയൽ ധനവകുപ്പ് മടക്കി. 10 ലക്ഷം രൂപയാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്. പൊതുഭരണവകുപ്പ് ഇതിൽ ധനവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് എതിർപ്പ് അറിയിച്ചത്. മന്ത്രി അറിയാതെ തന്നെ താഴെത്തട്ടിൽ നിന്നു ഫയൽ മടക്കുകയായിരുന്നു.

ഗവർണറുടെ ഓഫിസിലെ ഒരുദ്യോഗസ്ഥന് ഒന്നേകാൽ ലക്ഷം രൂപയുടെ ലാപ്ടോപ്പും അടുത്തിടെ അനുവദിച്ചിരുന്നു. എന്നാൽ, ഇതുപോരെന്നും കൂടുതൽ ഉയർന്ന വിലയ്ക്കുള്ള ലാപ്ടോപ് വേണമെന്നും രാജ്ഭവനിൽ നിന്ന് ആവശ്യമുയർന്നു. 

ഇൗ ആവശ്യം തള്ളാനാണ് മുഖ്യമന്ത്രിക്കു കീഴിലുള്ള ഐടി വകുപ്പ് ആലോചിക്കുന്നത്. എന്നാൽ, വിവിധ വകുപ്പു സെക്രട്ടറിമാർക്ക് ഒന്നേമുക്കാൽ ലക്ഷം രൂപ വരെ വില വരുന്ന ആപ്പിൾ മാക്ബുക് അനുവദിക്കുമ്പോൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കും വിലയേറിയ ലാപ്ടോപ്പിന് അവകാശമുണ്ടെന്ന എതിർവാദവുമുണ്ട്.

രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും അടുത്തിടെ സർക്കാർ നിരസിച്ചിരുന്നു. പണ്ടു മുതലേ ഗവർണർമാർ ആവശ്യപ്പെടുന്ന എന്തും അനുവദിച്ചു കൊടുക്കുന്ന ശീലമാണ് സർക്കാരുകൾക്കുള്ളത്. എതിർത്താൽ ഗവർണർ–സർക്കാർ ബന്ധം വഷളാകുമെന്നതിനാൽ ഉദ്യോഗസ്ഥർ അതിനു തയാറാകാറില്ല. അടുത്തിടെ ഗവർണർ ബെൻസ് കാർ ആവശ്യപ്പെട്ടപ്പോഴും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയെ വയ്ക്കാൻ അനുമതി തേടിയപ്പോഴും സർക്കാർ വഴങ്ങുകയാണു ചെയ്തത്. കാറിന് 85 ലക്ഷം രൂപയാണ് അനുവദിച്ചത്.

കഴിഞ്ഞ സ്വാതന്ത്ര്യദിന സൽക്കാരത്തിന് 15 ലക്ഷം രൂപയാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്. സർക്കാർ ഇത് അനുവദിക്കുകയും ചെയ്തു. എന്നാൽ, സർക്കാരുമായി ഇടഞ്ഞതിനാൽ സൽക്കാരം ഗവർണർ വേണ്ടെന്നു വച്ചു. ഫൊട്ടോഗ്രഫറുടെയും പിആർഒയുടെയും നിയമനത്തിനും രാജ്ഭവന്റെ അഭ്യർഥന കണക്കിലെടുത്ത് സർക്കാർ അംഗീകാരം നൽകിയിരുന്നു. കവടിയാർ രാജവീഥിയിലെ 29 ഏക്കറിലാണ് ഗവർണറുടെ ഒൗദ്യോഗിക വസതിയായ രാജ്ഭവൻ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്റ്റേറ്റ് ഗെസ്റ്റ് ഹൗസായിരുന്നു ഇത്. 28,000 ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വലുപ്പം. ഡിസ്പെൻസറി, ക്വാർട്ടേഴ്സുകൾ, തപാൽ ഓഫിസ്, ടെലിഫോൺ എക്സ്ചേഞ്ച്, ഭക്ഷണശാല, 6 അതിഥി മന്ദിരങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ രാജ്ഭവനിലുണ്ട്. ഇൗ വർഷം 12.70 കോടി രൂപയാണ് രാജ്ഭവനു വേണ്ടി ബജറ്റിൽ സർക്കാർ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ഗവർണർക്കു ശമ്പളം നൽകാൻ 42 ലക്ഷം രൂപയും അദ്ദേഹത്തിന് ഇഷ്ടാനുസരണം ചെലവഴിക്കാൻ 25 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.

കത്തിലെന്താണെന്ന് എല്ലാവരും കണ്ടല്ലോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ സർക്കാർ വഴിവിട്ട ഒരു കാര്യവും ഗവർണറോട് ആവശ്യപ്പെട്ടില്ല എന്നതു താനും ഗവർണറും തമ്മിലുള്ള കത്തിടപാടുകളിൽ നിന്നു വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ആ കത്തുകളിലൊന്നും സർക്കാരിനെയോ മുഖ്യമന്ത്രിയെയോ കുറ്റപ്പെടുത്താവുന്ന ഒരു വാക്കു പോലും ചൂണ്ടിക്കാണിക്കാൻ ഗവർണർക്കോ കത്തുകൾ കൈവശം കിട്ടിയ മാധ്യമങ്ങൾക്കോ കഴിയാതെ പോയത് അതുകൊണ്ടാണ്.

കത്തുകൾ പുറത്തു വിട്ടതു ശരിയാണോ എന്ന ചോദ്യം ഇപ്പോൾ ഉന്നയിക്കുന്നില്ല. ഗവർണർ തന്നെ പുറത്തുവിട്ടതോടെ കത്തുകൾക്കു മുഖ്യമന്ത്രി മറുപടി അയയ്ക്കുന്നില്ല എന്ന ആക്ഷേപത്തിന് ഇനി വേറെ മറുപടി വേണ്ടല്ലോ ? ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്നു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന അദ്ദേഹം നടത്തി. മദ്യത്തിൽ നിന്നു കൂടുതൽ വരുമാനം കിട്ടുന്ന ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളം ഇല്ല.

English Summary: Dispute between Kerala government and governor

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com