ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത ഭേദഗതി നിയമത്തിനു ഗവർണറുടെ അംഗീകാരം പ്രതിസന്ധിയിലായതോടെ ഇനി എല്ലാ കണ്ണുകളും ലോകായുക്തയുടെ നിർണായക വിധിയിലേക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചട്ടവിരുദ്ധമായി തുക അനുവദിച്ച കേസിലെ വിധിയാണു വരാനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനത്തിനെതിരായ കേസിൽ പിണറായി വിജയനും 18 മന്ത്രിമാരുമാണ് എതിർകക്ഷികൾ. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണു ഹർജിക്കാരൻ. വാദം മാർച്ച് 18നു പൂർത്തിയായെങ്കിലും എന്നു വിധി പറയുമെന്നു വ്യക്തമാക്കിയിട്ടില്ല. ഒരു കേസിൽ വാദം പൂർത്തിയായാൽ 6 മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നു 2018ൽ സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ട്. എല്ലാ കോടതികൾക്കുമെന്നപോലെ ഇതു ലോകായുക്തയ്ക്കും ബാധകമെന്നാണു നിയമജ്ഞരുടെ അഭിപ്രായം. ഈ സമയ പരിധി 18ന് അവസാനിച്ചു. അതിനാൽ വൈകാതെ വിധി പുറപ്പെടുവിക്കേണ്ടിവരും.

ഈ കേസിൽ വാദം തുടരുന്നതിനിടെയാണു ലോകായുക്ത നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ കഴിയവേ ഓൺലൈനായി നടത്തിയ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് അംഗീകരിക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്തു. ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്തിയതിനെതിരെ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച കോടതി ലോകായുക്ത വിധി ഹൈക്കോടതിയുടെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും പറഞ്ഞു.

ഓർഡിനൻസിന്റെ കാലാവധി തീർന്നപ്പോൾ അതു നീട്ടി നൽകാൻ ഗവർണർ തയാറായില്ല. തുടർന്നാണു പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയെ ബില്ലായി അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ സർക്കാർ പാസാക്കിയത്. ഓർഡിനൻസ് റദ്ദായതോടെ ഹൈക്കോടതിയുടെ നിർദേശം അപ്രസക്തമായെന്നു നിയമജ്ഞർ അഭിപ്രായപ്പെട്ടു. അതിനാ‍ൽ ലോകായുക്തയ്ക്കു വിധി പുറപ്പെടുവിക്കുന്നതിനു തടസ്സങ്ങളൊന്നും ഇല്ലെന്നും ഇവർ പറയുന്നു.

നിലവിലെ നിയമം അനുസരിച്ചാണെങ്കിൽ ഒരാൾക്കെതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ സ്ഥാനമൊഴിഞ്ഞ ശേഷം മാത്രമേ അപ്പീൽ പോലും സാധ്യമാകുകയുള്ളൂ. ഭേദഗതി അംഗീകരിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ വിധി വന്നാൽ നിയമസഭയ്ക്ക് അപ്പീൽ നൽകാം. മന്ത്രിമാർക്കെതിരെയുള്ള വിധിക്കു മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിക്ക് സ്പീക്കറുമാണ് അപ്‌ലറ്റ് അതോറിറ്റി. ഓർഡിനൻസിൽ മുഖ്യമന്ത്രിക്കെതിരായ വിധിക്ക് ഗവർണറെയാണ് അപ്‌ലറ്റ് അതോറിറ്റിയായി നിശ്ചയിച്ചിരുന്നത്.

ഗവർണർക്ക് ബിൽ ഒപ്പിടാതിരിക്കാനോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാനോ അധികാരമുണ്ട്. രാഷ്ട്രപതിയുടെ അനുമതി വാങ്ങിയാണ് 1999ൽ ലോകായുക്ത ബിൽ അവതരിപ്പിച്ചത്. ഭേദഗതിക്കും അനുമതി വേണമെന്ന് ഗവർണർക്കു പറയാം. വിഎസ് സർക്കാരിന്റെ കാലത്തു രാഷ്ട്രപതിക്ക് അയച്ച പ്ലാച്ചിമട ട്രൈബ്യൂണൽ ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.

English Summary: Kerala Govt looks on upcoming Lokayukta verdicts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com