ഡിജിപി വിസമ്മതിച്ചു; എഡിജിപി ഉടൻ സസ്പെൻഡ് ചെയ്തു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് സേനയിൽ കേട്ടുകേൾവി ഇല്ലാത്ത പ്രതിഷേധം. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ ഡിപിയായി കരിങ്കൊടി ചിത്രമാണ് ഉയരുന്നത്. ‘നീതികേടിന് ഇരയാകുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം‘ എന്ന കുറിപ്പും. സാദാ പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ടി ഐപിഎസ് സംഘടന രംഗത്ത് എത്തുന്നതും ഇതാദ്യം.
കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണമാണ് 4 ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ കലാശിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ ദക്ഷിണ മേഖല ഡിഐജി ആർ.നിശാന്തിനി, പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. സസ്പെൻഷൻ നടപടി പൊലീസ് സേനയുടെ മനോവീര്യം തകർത്തതായി ഐപിഎസ് അസോസിയേഷൻ ഡിജിപിക്കു നൽകിയ കത്തിലും ചൂണ്ടിക്കാട്ടി.
പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക സംഘടന ആദ്യമേ രംഗത്തെത്തിയിരുന്നു. തുടർന്ന് 4 പൊലീസ് ഉദ്യോഗസ്ഥരെ കമ്മിഷണർ ഓഫിസിലേക്ക് മാറ്റി ഉത്തരവിട്ടു. എന്നാൽ ഇതിൽ തൃപ്തരല്ലാത്ത അഭിഭാഷക സംഘടന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി , മന്ത്രി പി.രാജീവ് എന്നിവരെ നേരിൽ കണ്ടു സസ്പെൻഷൻ ആവശ്യം ആവർത്തിച്ചു. തുടർന്നു ഡിജിപി അനിൽ കാന്തിന് സർക്കാർ നിർദേശം കൈമാറി. എന്നാൽ ചെയ്യാത്ത കുറ്റത്തിനു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. തുടർന്നാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
പൊലീസ് സംഘടനകൾക്ക് മൗനം
കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരുടെ സസ്പെൻഷനിൽ പ്രതിഷേധിക്കുന്നതായി ഐപിഎസ് അസോസിയേഷൻ പ്രമേയം. ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുകയായിരുന്നു. ഒട്ടും നീതീകരിക്കാൻ കഴിയാത്തതാണ് നടപടി.
ഉടനടി ഇതു പിൻവലിക്കണം. തെറ്റായി ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരോടു സംഘടന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു– അസോസിയേഷൻ സെക്രട്ടറി ഐജി ഹർഷിത അടലൂരി ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു.
അതേസമയം സിപിഎം അനുകൂല കേരള പൊലീസ് അസോസിയേഷൻ , പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ഈ വിഷയത്തിൽ മൗനത്തിലാണ്.
English Summary: Controversy in Kerala Police on advocate case