ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ മാസ്‌ക് പരിശോധനയ്ക്കു നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന പൊതുജനാരോഗ്യ ഓർഡിനൻസിന് ഗവർണർ മടങ്ങി എത്തുന്നതിനു മുൻപു തന്നെ ഓൺലൈനായി അനുമതി നൽകിയേക്കും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അപേക്ഷ ഗവർണർ തിരികെ എത്തുന്നതിനു മുൻപ് പരിഗണിക്കുമോ എന്നു വ്യക്തതയില്ല.

ഗവർണറുടെ അനുമതി ലഭിക്കാതെ വിജിലൻസ് കോടതിയിലെ കേസിന്റെ കാര്യത്തിൽ തീരുമാനമാകില്ല. നിശ്ചിത ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നു നിയമത്തിൽ വ്യവസ്ഥയില്ല. പ്രോസിക്യൂഷന് അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ ഗവർണർ മന്ത്രിസഭയുടെ അഭിപ്രായത്തിന് അയയ്ക്കുന്നതാണ് ആദ്യ നടപടി. മന്ത്രിസഭ ചർച്ച ചെയ്ത് അഭിപ്രായം അറിയിക്കും. പ്രോസിക്യൂഷൻ അനുമതിയെ മന്ത്രിസഭ എതിർത്താലും മറിച്ചു തീരുമാനമെടുക്കാൻ ഗവർണർക്കു സാധിക്കും. അത് അദ്ദേഹത്തിന്റെ വിവേചനാധികാരം ആണ്. 

തീരുമാനം എടുക്കുന്നതിനു മുൻപ്, ആരോപണ വിധേയനായ മുഖ്യമന്ത്രിക്കു പറയാനുള്ളത് ഗവർണർ കേൾക്കണം. മുഖ്യമന്ത്രിയുടെ അഭിപ്രായം അദ്ദേഹം നേരിട്ട് അറിയിക്കണം എന്നില്ല. രേഖാമൂലം അറിയിക്കുകയോ അഡ്വക്കറ്റ് ജനറലിനെ പോലെ ആരെങ്കിലും വഴി അറിയിക്കുകയോ ചെയ്താൽ മതി. തുടർന്നു ഗവർണറാണ് അന്തിമ തീരുമാനമെടുക്കുക. പ്രോസിക്യൂഷന് അനുമതി നൽകിയാൽ ചരിത്ര സംഭവമാകും.

വിജിലൻസ് കോടതിയിലെ കേസിൽ തുടർ നടപടി ആരംഭിക്കും. മുഖ്യമന്ത്രിക്ക് എതിരെ പൊലീസിനു കേസ് ചാർജ് ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ, അദ്ദേഹം ആഭ്യന്തര വകുപ്പും വിജിലൻസും കൈകാര്യം ചെയ്യുന്നതു പോലും ചോദ്യം ചെയ്യപ്പെടാം.

പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടി അതോടെ അവസാനിക്കും. ഗവർണറും സർക്കാരും ഒത്തു കളിക്കുകയാണെന്നു പ്രതിപക്ഷത്തിന് ആരോപിക്കാൻ സാധിക്കും. ലോകായുക്ത, സർവകലാശാലാ നിയമഭേദഗതി ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്നു ഗവർണർ അറിയിച്ചെങ്കിലും പ്രതിപക്ഷം അദ്ദേഹത്തിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ്.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി എടുത്ത അമിത താൽപര്യം സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസ് കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച ആരോപണം പത്രസമ്മേളനത്തിൽ ഉന്നയിച്ചതു ഗവർണർ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.

English Summary: Mask ordinance Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com