ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർ അനധികൃതമായ ജോലിക്കു ഹാജരാകാത്തതിന്റെ പേരിൽ മിനിമം പെൻഷൻ നഷ്ടപ്പെടുകയാണെങ്കിൽ ഒൗദാര്യ പെൻഷൻ അനുവദിക്കേണ്ടതില്ലെന്ന് ധനവകുപ്പിന്റെ ഉത്തരവ്. തീർപ്പാക്കിയ കേസുകൾ 2009 ഒക്ടോബർ 19 വരെ മുൻകാല പ്രാബല്യം നൽകി ഇൗ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണം. എന്നാൽ, ഇതുവരെ അനുവദിച്ച തുക തിരികെ ഇൗടാക്കില്ല.  

ജോലിക്കെത്താത്ത കാലയളവ് പിന്നീട് ശൂന്യവേതന അവധിയായി പലരും ക്രമീകരിക്കാറുണ്ട്. എന്നിട്ടും സേവന കാലയളവ് 10 വർഷത്തിൽ കുറവാണെങ്കിൽ മിനിമം പെൻഷന് അർഹരല്ല. ഇവർക്കാണ് ഒൗദാര്യ പെൻഷൻ നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ്. 

യുജിസി, എഐസിടിഇ, എംഇഎസ് എന്നീ വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർക്ക് എക്സ്ഗ്രേഷ്യ പെൻഷനും എക്സ്ഗ്രേഷ്യ കുടുംബ പെൻഷനും നൽകുമ്പോൾ ക്ഷാമാശ്വാസം സംസ്ഥാന നിരക്കിലായിരിക്കണം. 

കേന്ദ്ര നിരക്കിൽ ക്ഷാമാശ്വാസം അനുവദിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് 2014 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന നിരക്ക് ബാധകമാക്കണം. കേന്ദ്ര നിരക്കിൽ നൽകിയ തുക തിരികെ ഇൗടാക്കേണ്ടതില്ല.

 

6 ക്ഷേമനിധി ബോർഡ് പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ പെൻഷനു വിലക്ക് 

തിരുവനന്തപുരം ∙ 6 ക്ഷേമനിധി ബോർഡുകളിൽ നിന്നു പെൻഷൻ വാങ്ങുന്നവർക്കു കൂടി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡ്, കേരള മദ്രസ അധ്യാപക ക്ഷേമ നിധി ബോർഡ്, കേരള അഡ്വക്കറ്റ് ക്ലാർക്സ് ക്ഷേമിനിധി കമ്മിറ്റി, കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് എന്നിവയിൽ നിന്നു പെൻഷൻ ലഭിക്കുന്നവർക്ക് ഇനി സാമൂഹിക സുരക്ഷാ പെൻഷന് ഇനി അർഹതയില്ല. വിവിധ ദേവസ്വം ബോർഡുകളിലെ സ്കീം പ്രകാരം പെൻഷൻ ലഭിക്കുന്ന വിരമിച്ച ജീവനക്കാർക്കും സഹകരണ സംഘങ്ങളിൽ നിന്നു വിരമിച്ച കേരള സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡിൽ നിന്നു പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാനാവില്ല. 

ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലെന്ന് 2017ൽ തന്നെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെ പേരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ, സർക്കാർ സഹായമില്ലാതെ തനതുഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനായി 600 രൂപ വാങ്ങാം. കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡ് അടക്കം 6 പെൻഷൻ സ്കീമുകൾ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതിനാലാണ് ഇപ്പോൾ ഇവരെക്കൂടി സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

 

English Summary: Kerala government new order on pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com