ADVERTISEMENT

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ ഇന്നലെ 829 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവർ 1067 ആയി. 

ഹർത്താൽ ദിവസം കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ യുവാവിനെ പിടികൂടാനായില്ല. യാത്രക്കാരെ അസഭ്യം വിളിച്ച ഹർത്താൽ അനുകൂലിയായ യുവാവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ ബൈക്കിലേക്ക് ഇയാൾ ബൈക്ക് ഇടിച്ചു കയറ്റിയത്. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വഴി പ്രതിയെയും ഇയാൾ സഞ്ചരിച്ച ബൈക്കും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. 

ബൈക്കിലെത്തിയ യുവാവ് പൊലീസിനെ കണ്ടു വാഹനം തിരിക്കുന്നതിനിടെ പൊലീസിന്റെ ബൈക്കുമായി ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വിഡിയോ ഇന്നലെ പുറത്തിറങ്ങി. ഹർത്താൽ ദിനത്തിൽ കായംകുളത്തിനടുത്ത് മൂന്നാംകുറ്റിയിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പ്രദേശത്തെ കല്ലേറിന്റെ പേരിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. 

വയനാട് ജില്ലയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെ പ്രേരണക്കുറ്റം ചുമത്തി ജില്ലാ പ്രസി‍ഡന്റ് മൂളിത്തോട് സ്വദേശി എസ്. മുനീർ (37), ഭാരവാഹി വെള്ളമുണ്ട പത്താംമൈൽ നൗഫൽ (36) എന്നിവരെ അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട ജില്ലയിൽ പന്തളത്തു കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിന് കൊലക്കേസ് പ്രതിയായ കാർത്തികപ്പള്ളി ചെറുതന കോടമ്പള്ളിൽ സനൂജ് (32) അറസ്റ്റിലായി. 2012 ജൂലൈ 17ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എബിവിപി യൂണിറ്റ് ഭാരവാഹിയായിരുന്ന വിശാൽ കൊല്ലപ്പെട്ട കേസിൽ 9-ാം പ്രതിയാണ് സനൂജെന്നു പൊലീസ് പറഞ്ഞു. കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ കുടശനാട് തെറ്റിവിളയിൽ പി.രാജേന്ദ്രന്റെ (49) കണ്ണിനു പരുക്കേറ്റിരുന്നു. കുളത്തുങ്കലിൽ കെഎസ്ആർടിസി ബസിനു നേർക്ക് ആക്രമണം നടത്തുകയും കടകൾ അടപ്പിക്കുകയും ചെയ്ത 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 

തളിപ്പറമ്പിൽ ഹർത്താലിനിടെ മൊബൈൽ ഫോൺ കടയിൽ അക്രമം നടത്തിയ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹർത്താലിനിടെ കലാപാഹ്വാനം നടത്തിയതിന് യുവമോർച്ച ജില്ലാ സെക്രട്ടറി വി.കെ.സ്മിന്ദേഷിനെതിരെ കേസെടുത്തു. 

 

English Summary: PFI hartal; 1067 arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com