ADVERTISEMENT

റാന്നി ∙ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കത്തെഴുതിവച്ചശേഷം പാർട്ടി അനുഭാവി ജീവനൊടുക്കി. പ്രഭുറാം മിൽസ് റിട്ട. ഉദ്യോഗസ്ഥൻ റാന്നി പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്.ബാബുവിനെയാണ് (68) ഇന്നലെ രാവിലെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, ലോക്കൽ സെക്രട്ടറി റോബിൻ കെ.തോമസ്, പഞ്ചായത്തംഗം എം.എസ്.ശ്യാം എന്നിവരുടെ പേരെടുത്തു പറഞ്ഞുള്ള കുറിപ്പാണു കണ്ടെടുത്തത്.

ബാബുവിന്റെ വീടിനോടു ചേർന്നു പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിശ്രമ കേന്ദ്രം നിർ‌മിക്കുന്നതു സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. ഇവിടെ നിലവിലുണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രത്തിന് ബാബുവിന്റെ കുടുംബം മുൻപു സ്ഥലം നൽകിയിരുന്നു. എന്നാൽ പുതിയ കാത്തിരിപ്പു കേന്ദ്രവും ശുചിമുറി–വിശ്രമ സമുച്ചയവും നിർമിക്കുന്നതിനു ബലമായി ഭൂമി അളന്നെടുത്തെന്നാണ് കുടുംബത്തിന്റെ ആരോപണം. കാത്തിരിപ്പു കേന്ദ്രം മാറ്റിപ്പണിയുന്നതിനു പണം ആവശ്യപ്പെട്ടതായും ബാബു പണിയുന്ന കടമുറിയുടെ നിർമാണം പ്രസിഡന്റിന്റെ മകനു കൊടുക്കണമെന്നു നിർദേശിച്ചതായും കുറിപ്പിലുണ്ട്. വിദേശത്തുള്ള പെൺമക്കളിൽനിന്ന് 20 ലക്ഷം രൂപ വാങ്ങി മോഹനൻ പ്രസിഡന്റായ പെരുനാട് സഹകരണ ബാങ്കിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി ബാബുവിന്റെ ഭാര്യ കുസുമകുമാരി പെരുനാട് ഇൻസ്പെക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ, ആത്മഹത്യക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മുൻപു കാത്തിരിപ്പു കേന്ദ്രം നിലനിന്നിരുന്ന സ്ഥലത്തുതന്നെയാണു ശുചിമുറി– വിശ്രമ സമുച്ചയം നിർമിക്കുന്നതെന്നും പി.എസ്.മോഹനൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്കൊപ്പം ബാബുവുമായി ചർച്ച നടത്തിയിരുന്നു. ബാബു പൂർണ പിന്തുണയാണു നൽകിയിരുന്നതെന്നും പി.എസ്.മോഹനൻ പറഞ്ഞു.

 

English Summary: CPM worker commits suicide in Ranni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com