സിൽവർലൈൻ: റെയിൽവേയും ഇരുട്ടിൽ; 5 കത്തയച്ചിട്ടും മറുപടിയില്ല

Mail This Article
കൊച്ചി ∙ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) സംബന്ധിച്ച് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നു റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
സർവേ നടപടി ചോദ്യം ചെയ്തു കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും നൽകിയ ഹർജിയിലാണു റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരണ പത്രിക നൽകിയത്. കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡിപിആർ സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നു വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലൈൻമെന്റ് പ്ലാൻ വിവരങ്ങളും പദ്ധതിക്കു വേണ്ടി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളും കെ റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നു പത്രികയിൽ പറയുന്നു.
5 കത്തയച്ചു; മറുപടിയില്ല
റെയിൽവേ ഭൂമിയെ എത്രത്തോളം ബാധിക്കുമെന്നു വിലയിരുത്താനും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനുമാണു റെയിൽവേ ബോർഡ് വിവരങ്ങൾ തേടിയത്. എന്നാൽ 2021 ജൂലൈ 11 മുതൽ 2022 ഓഗസ്റ്റ് 30 വരെ 5 കത്തുകൾ കെ റെയിലിന് അയച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നു ബോർഡ് കോടതിയെ അറിയിച്ചു.
English Summary: Railway board on silver line in high court