ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലാ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിലപാടുകളിൽ ഗവർണറും സർവകലാശാലയും ഉറച്ചു നിൽക്കുന്നു. സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്നു സിൻഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ.വി.പി.മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിച്ചു. സേർച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് ഇന്നലെ തന്നെ രാജ്ഭവൻ മറുപടി നൽകിയിരുന്നു. 

ഇതിനിടെ, സിൻഡിക്കറ്റ് യോഗത്തിൽ ഗവർണറുടെ നടപടിയെ വിസി വിമർശിച്ചു. വിസി നിയമനത്തിനു ഗവർണർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സെനറ്റ് യോഗം ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തില്ല. ഗവർണറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്നു വിസി അറിയിച്ചു. 

ഒക്ടോബർ 24ന് വിസി വിരമിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സേർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിർദേശിക്കാൻ ജൂൺ 13ന് കേരള വിസിയോടും യുജിസി ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. യുജിസി ചെയർമാൻ ജൂലൈയിൽ പ്രതിനിധിയുടെ പേര് അറിയിച്ചു. സർവകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേർന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം പിന്മാറി. പകരക്കാരനെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല തയാറായില്ല. സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചത്. 

വിസിക്കെതിരെ എന്തു നടപടിയെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ തീരുമാനിക്കുമെന്നാണ് സൂചന. എന്തു സംഭവിച്ചാലും സേർച് കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സർവകലാശാല. ഇതിനിടെ, ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ചില സെനറ്റ് അംഗങ്ങൾ ആലോചിക്കുന്നുമുണ്ട്.

ഗവർണർ പദവി; സംവാദവുമായി സിപിഎം

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലെ സംഘർഷം തുടരുന്നതിനിടെ ഗവർണർ പദവി സംബന്ധിച്ച സംവാദം സംഘടിപ്പിച്ച് സിപിഎം. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ ഫെഡറലിസവും ഗവർണർ പദവിയും’ എന്ന വിഷയത്തെക്കുറിച്ച് വെള്ളിയാഴ്ച മൂന്നരയ്ക്ക് സെമിനാർ നടത്തും. ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും.

English Summary: Kerala University VC against Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com