ADVERTISEMENT

മുംബൈ ∙ ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ഒത്തുതീർപ്പു കരാറിൽ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്.

കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കരാറിൽ എടുത്തുപറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും ബോധിപ്പിച്ചു. തുടർന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കിയത്. എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. 

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി മുംബൈയിൽ താമസിക്കുകയാണിവർ. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ചു. 

ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് ആയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

English Summary: Binoy Kodiyeri rape case settled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com