ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനം വീണ്ടും പേവിഷ വാക്സീൻ ക്ഷാമത്തിലേക്ക്. വിവിധ സംഭരണകേന്ദ്രങ്ങളിലായി ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ ആറായിരത്തിൽ താഴെ വയ്‌ൽ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ദിവസവും അഞ്ഞൂറിലേറെ വയ്‌ൽ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടിവരുന്നതിനാൽ അടുത്ത മാസം ആദ്യ ആഴ്ചയോടെ നിലവിലെ സ്റ്റോക്ക് തീരുമെന്നാണ് കരുതുന്നത്.

കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധന റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കില്ല എന്ന് കമ്പനിയും നിലപാടെടുത്തതോടെ ക്ഷാമം പരിഹരിക്കാൻ നെട്ടോട്ടമോടുകയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. സിഡിഎൽ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാൻ കോർപറേഷൻ മേധാവി, കസൗളി കേന്ദ്ര ലാബ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആശാവഹമായ മറുപടിയല്ല ലഭിച്ചത്. 

3 ബാച്ച് മരുന്ന് കേരളത്തിനായി ഉൽപാദിപ്പിച്ചത് ഹൈദരാബാദിലെ വിൻസ് ബയോപ്രോഡക്ട്സിൽ സ്റ്റോക്ക് ഉണ്ടെങ്കിലു‍ം കേന്ദ്ര ലാബിന്റെ റിപ്പോർട്ട് ഇല്ലാതെ ഇങ്ങോട്ട് അയയ്ക്കില്ലെന്ന നിലപാടിലാണ് കമ്പനി. ഓഗസ്റ്റ് 17നാണ് 49,940 വയ്‌ൽ വാക്സീനു വേണ്ടിയുള്ള ഓർഡർ നൽകിയത്. മരുന്നുവിതരണം ചെയ്യാൻ സ്വാഭാവികമായി 90 ദിവസം സമയം ഉണ്ടെങ്കിലും കേരളത്തിന്റെ അത്യാവശ്യം കണക്കിലെടുത്ത് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായാൽ ഉടൻ എത്തിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

എന്നാൽ നവരാത്രി അവധികൂടി കഴിഞ്ഞു മാത്രമേ സിഡിഎൽ സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭ്യമാവുകയുള്ളൂ എന്നാണ് വിവരം. ഈ ഘട്ടത്തിലെ വിതരണം കൂടി പൂർത്തിയാവുന്നതോടെ വാർഷിക ഓർഡറിൽ ഇനി 2,029 വയ്‌ൽ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ. ഡയറക്ടർ ബോർഡിന്റെ അനുമതിയുണ്ടെങ്കിൽ 25% കൂടി അധികം വാങ്ങാൻ സാധിക്കും.

നിലവാരപ്രശ്നം ഇല്ല

പേവിഷ മരണങ്ങളെ തുടർന്ന് പരിശോധനയ്ക്കായി കസൗളി കേന്ദ്ര ലാബിലേക്ക് അയച്ച വാക്സീന് നിലവാര പ്രശ്നങ്ങൾ ഇല്ലെന്ന് സൂചന. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് സാംപിളുകൾ കസൗളിയിലേക്ക് എത്തിച്ചത്. വാക്സീൻ ഫലപ്രദമാണെന്നും മറ്റു ദോഷഫലങ്ങൾ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായതായാണ് വിവരം. ഔദ്യോഗിക റിപ്പോർട്ട് കമ്പനിക്കോ സർക്കാരിനോ കൈമാറായിട്ടില്ല. നവരാത്രി അവധിക്കു ശേഷം ഇതു ലഭ്യമാക്കിയേക്കും. വാക്സീന് പ്രശ്നങ്ങൾ ഇല്ലെങ്കിൽ, അത് സൂക്ഷിക്കുന്ന സംവിധാനങ്ങളിലോ രോഗിക്ക് കുത്തിവയ്ക്കുന്ന രീതികളിലോ പ്രശ്നങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കേണ്ടി വരും. 

English Summary: Rabies vaccine shortage again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com