ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും സംസ്ഥാന നിർവാഹകസമിതി അംഗവുമായ സി.ദിവാകരൻ. 75 എന്ന പ്രായപരിധി നിർദേശത്തിന് എതിരെ കെ.ഇ.ഇസ്മായിൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ദിവാകരനും വെടി പൊട്ടിച്ചത്.

സ്ഥാനത്തു തുടരാൻ ചിലർക്ക് ആക്രാന്തം ആണെന്ന് കാനത്തെ ലാക്കാക്കി ദിവാകരൻ തുറന്നടിച്ചു. ഇതൊന്നും കമ്യൂണിസ്റ്റ് രീതി അല്ല. പ്രായപരിധി ഏതോ ഗൂഢസംഘത്തിന്റെ തീരുമാനമാണ്. അതു നടപ്പാക്കാൻ അനുവദിക്കില്ലെന്നും 75 വയസ്സ് പിന്നിട്ട ദിവാകരൻ വ്യക്തമാക്കി. സംസ്ഥാന സമ്മേളനം ഈ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെയാണ് ഈ തുറന്ന പോർവിളി.

പാർട്ടി സമ്മേളനം നടക്കുമ്പോൾ ചില ആളുകൾക്ക് ഓരോന്ന് ആയേ പറ്റൂ എന്ന സ്ഥിതിയാണ്. തനിക്കു സാധ്യതയുണ്ട് എന്നെല്ലാം മുൻകൂട്ടി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെ ഒരു ചിന്തയും വർത്തമാനവും പാടുള്ളതല്ല. പാർട്ടി സമ്മേളനം അല്ലേ തീരുമാനിക്കേണ്ടത്?– മൂന്നാം തവണയും സെക്രട്ടറി ആയേക്കുമെന്ന സൂചന നേരത്തേ കാനം തന്നെ നൽകിയതു ലക്ഷ്യമിട്ട് ദിവാകരൻ പറഞ്ഞു.

cartoon

പാർട്ടിയിൽ 75 വയസ്സ് പിന്നിട്ടവരാരും പാടില്ല എന്നു തീരുമാനിക്കാനുള്ള അവകാശം ആർക്കുമില്ല. 75 കഴിഞ്ഞവരെ ഉപരിഘടകങ്ങളിൽ എടുക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ ഇല്ല. ഇനി ദേശീയ കൗൺസിൽ അങ്ങനെ നിർദേശം വച്ചിട്ടുണ്ടെങ്കിൽ അതു പാർട്ടി കോൺഗ്രസ് അംഗീകരിക്കണം. അവിടെ ഭരണഘടന ഭേദഗതി ചെയ്ത് വേണം നടപ്പാക്കാൻ. അല്ലാതെ ഏതാനും ആളുകളുടെ ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് നടപ്പിലാക്കാൻ പറ്റില്ല. അതിനോടാണ് കേരളത്തിലെ സഖാക്കളുടെ എതിർപ്പ്. ചില ആളുകളെ ഒഴിവാക്കാനുള്ള കുറുക്കു വഴിയായാണ് ഇതു നടപ്പാക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.

കുഴപ്പം ദിവാകരന്റേത്, പാർട്ടിയുടേതല്ല: കാനം

തിരുവനന്തപുരം ∙ പ്രായപരിധി നടപ്പിലാക്കാൻ സിപിഐയുടെ ദേശീയ– സംസ്ഥാന കൗൺസിലുകൾ തീരുമാനിച്ചതാണെന്നും അക്കാര്യം സി.ദിവാകരന് അറിയില്ലെങ്കിൽ അത് ആ സഖാവിന്റെ കുറ്റമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം പ്രായപരിധി നടപ്പാക്കി. അതെല്ലാം കഴിഞ്ഞിട്ട് അറിയില്ലെന്നു പറഞ്ഞാൽ അതു പാർട്ടിയുടെ കുഴപ്പമല്ല.

സിപിഐയുടെ പാർട്ടി ഭരണഘടന അനുസരിച്ച്, പാർട്ടി കോൺഗ്രസിനും മുൻപ് ദേശീയ കൗൺസിലിനും സംസ്ഥാന സമ്മേളനത്തിന് മുൻപ് സംസ്ഥാന കൗൺസിലിനും മാർഗരേഖ പുറപ്പെടുവിക്കാനുള്ള അവകാശമുണ്ട്. അതനുസരിച്ച് മാർച്ചിൽ ചേർന്ന ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ് കേരളത്തിലെ സംസ്ഥാന കൗൺസിലും അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ നടന്നത്. അന്നൊന്നും ഇല്ലാത്ത അഭിപ്രായം എവിടെ നിന്നു വന്നുവെന്ന് അറിയില്ല.

പ്രായമല്ല, ആരോഗ്യമാണ് നോക്കേണ്ടത് എന്ന കെ.ഇ.ഇസ്മായിലിന്റെ വാദം കാനം തള്ളി. പറഞ്ഞ ആളുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. പക്ഷേ, ബാലിശമായ വാദഗതികളാണ്. പാർട്ടി മന്ത്രിമാരിൽ ചിലർ ആനന്ദ ലഹരിയിൽ ആറാടുന്നു എന്ന ഇസ്മായിലിന്റെ പരാമർശത്തിന് ഇതായിരുന്നു മറുപടി: ‘അദ്ദേഹവും മന്ത്രി ആയിരുന്ന ആളാണ്. 5 വർഷം റവന്യു മന്ത്രി ആയിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കൂ’.

പ്രമേയത്തിന് ഇസ്മായിൽ പക്ഷം; ഇരട്ടത്താപ്പെന്ന് കാനം പക്ഷം

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ ചർച്ച ആരംഭിക്കുമ്പോൾത്തന്നെ, പ്രായപരിധി മാനദണ്ഡം ഒഴിവാക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ ഇസ്മായിൽ പക്ഷം ശ്രമിച്ചേക്കും. പ്രായപരിധി സംബന്ധിച്ചു ദേശീയ കൗൺസിൽ നൽകിയതു മാർഗനിർദേശം മാത്രമാണെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ മാറ്റം വരുത്താമെന്നും കാണിച്ച് കേന്ദ്ര നേതൃത്വം നൽകിയ സർക്കുലർ ആയുധമാക്കാനാണു ശ്രമം. വിവിധ ജില്ലകളിലെ ഇസ്മായിൽ പക്ഷ നേതാക്കൾ ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തി. 

Content Highlight: CPI State Conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com