പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടിത്തുടങ്ങി; ആലുവയിൽ കെട്ടിടവും 67 സെന്റ് സ്ഥലവും ഏറ്റെടുത്തു

popular-front-flag
SHARE

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതിനു നടപടി തുടങ്ങി. ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന പെരിയാർവാലി ക്യാംപസ് കെട്ടിടവും 67 സെന്റ് സ്ഥലവും എൻഐഎ ഏറ്റെടുത്തു. 

കോഴിക്കോട് മീഞ്ചന്ത ബൈപാസ് ജംക്‌ഷനിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓഫിസ്, അരവിന്ദ്ഘോഷ് റോഡിലെ സബ് ഓഫിസ്, ആനമാട് ക്യാംപസ് ഫ്രണ്ട് ഓഫിസ്, മാവൂർ റോഡ് ജംക്‌ഷനു സമീപം വിമൻസ് ഫ്രണ്ട് ഓഫിസ് എന്നിവയുടെ രേഖകളും ഉടമസ്ഥതാ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ഉത്തരവിടുന്നതോടെ ഇവ പൂട്ടി മുദ്ര വയ്ക്കും. ഓഫിസുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ചിലയിടങ്ങളിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും ഒരേ ഓഫിസാണ്; മറ്റു ചിലയിടങ്ങളിൽ ബോർഡ് വയ്ക്കാതെയാണ് ഓഫിസ് പ്രവർത്തനം. ഓഫിസുകളിൽനിന്നു രേഖകളും മറ്റും മാറ്റുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നു.

യുഎപിഎ നിയമപ്രകാരം നിരോധനം നടപ്പാക്കാനുള്ള ചുമതല കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നൽകി ഇന്നലെ രാവിലെത്തന്നെ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കാവൂവെന്നും അനാവശ്യ തിടുക്കം വേണ്ടെന്നും മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പൂട്ടേണ്ട 17 ഓഫിസുകളുടെയും മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകളുടെയും പട്ടിക എൻഐഎ കൈമാറിയിട്ടുണ്ട്.

155 പേർ കൂടി അറസ്റ്റിൽ; സത്താർ റിമാൻഡിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഇന്നലെ 155 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. സംസ്ഥാനത്തുടനീളം പലയിടത്തും ഇതുവരെ 417 കേസുകൾ റജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.  എൻഐഎ അറസ്റ്റ് ചെയ്ത സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിനെ ഒക്ടോബർ 20 വരെ റിമാൻഡ് ചെയ്തു.

നേതാക്കളില്ല; അംഗങ്ങൾ അങ്കലാപ്പിൽ

കോഴിക്കോട് ∙ വ്യാപക റെയ്ഡും അറസ്റ്റും പിന്നാലെ നിരോധനവും വന്നതോടെ പോപ്പുലർ ഫ്രണ്ടിലെയും അനുബന്ധ സംഘടനകളിലെയും അംഗങ്ങൾ അങ്കലാപ്പിലായി. സംഘടനകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന അറിയിപ്പാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നിരോധനത്തിനെതിരെ നിയമപരമായി നീങ്ങുന്നത് ആലോചനയുമുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ അഭിഭാഷകർ മുഖേന പുറത്തുവിടുമെന്നാണു സൂചന. 

സംഘടനയുടെ ഉന്നത നേതാക്കളെയെല്ലാം എൻഐഎ അറസ്റ്റ് ചെയ്തു. താഴെത്തട്ടിലെ നേതാക്കൾ ഹർത്താൽ അക്രമക്കേസുകളിലും അറസ്റ്റിലായി. മറ്റു പ്രധാന പ്രവർത്തകരെല്ലാം പരസ്യ പ്രവർത്തനങ്ങളിൽ നിന്നു പിൻമാറി. ഒപ്പം സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവർത്തനം നിലച്ചു. നേരത്തേ മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്ന നേതാക്കളുടെ ഫോണുകൾ ഓഫാണ്. സംഘടനയുടെ ഔദ്യോഗിക ഫോൺ നമ്പരുകളും പ്രവർത്തിക്കുന്നില്ല. സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും മാസികകളും നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.

English Summary: Action to shut popular front offices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}