ഡോളർ കടത്തു കേസ്: ശിവശങ്കർ ആറാം പ്രതി; ഒരു കോടി രൂപ െകെക്കൂലി ലഭിച്ചെന്ന് കുറ്റപത്രം

Mail This Article
കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ഡോളർ കടത്തുകേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേർത്തു കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. അതീവഗുരുതര ആരോപണങ്ങളാണു ശിവശങ്കറിനെതിരെ കുറ്റപത്രത്തിൽ കസ്റ്റംസ് ഉന്നയിച്ചിട്ടുള്ളത്. നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാൻ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി കുറ്റപത്രം ആരോപിക്കുന്നു. ഈ തുകയാണു കേസിലെ മുഖ്യപ്രതിയായ സ്വപ്നയുടെയും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ബാങ്ക് ലോക്കറിൽ നിന്നു പിടിച്ചെടുത്തതെന്നും കസ്റ്റംസ് പറയുന്നു.
ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണു കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സിജെഎം കോടതിയിൽ ഇന്നലെ കുറ്റപത്രം നൽകിയത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി, പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, യൂണിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പൻ എന്നിവരാണ് ആദ്യ അഞ്ചു പ്രതികൾ. ഇന്ത്യൻ കറൻസിയിൽ ലഭിച്ച കോഴപ്പണം വിദേശത്തേക്കു കടത്താൻ അനധികൃത മാർഗത്തിലൂടെ ഡോളറാക്കി മാറ്റിയതിലും ശിവശങ്കറിനു പങ്കാളിത്തമുണ്ടെന്നാണു കസ്റ്റംസിന്റെ നിഗമനം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണു വിദേശത്തേക്കു ഡോളർ കടത്തിയ വിവരം പുറത്തുവന്നത്. 2019 ഓഗസ്റ്റ് ഏഴിനു ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ (1.30 കോടി രൂപ) തിരുവനന്തപുരത്തു നിന്ന് ഈജിപ്തിലെ കയ്റോയിലേക്കു കടത്തിയെന്നാണ് ഇവരുടെ മൊഴി. എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ ഖാലിദ് പിടിക്കപ്പെടാതിരിക്കാൻ സരിത്തും സ്വപ്നയും മസ്‌കത്ത് വരെ അനുഗമിച്ചു. അവിടെ നിന്നു ഖാലിദ് കയ്റോയിലേക്കും സ്വപ്നയും സരിത്തും ദുബായിലേക്കും പോയി. ഈ വെളിപ്പെടുത്തലിനെത്തുടർന്നു കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം പൂർത്തിയാക്കി ഇന്നലെ കുറ്റപത്രം നൽകിയത്.
English Summary: M Sivasankar included in Customs Charge sheet in Dollar Smuggling Case