തിരുവനന്തപുരം ∙ സിപിഐ നേതൃത്വത്തിൽ പുകയുന്ന അസ്വാരസ്യങ്ങൾ ഒന്നുകൂടി പരസ്യമാക്കിയാണ് സംസ്ഥാന സമ്മേളനത്തിന് വഴുതക്കാട്ടെ ടഗോർ ഹാളിൽ കൊടിയേറിയത്. സമ്മേളനത്തിന് മുൻപേ തന്നെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വെടിപൊട്ടിച്ച മുതിർന്ന നേതാവ് സി.ദിവാകരനെയാണു കൊടി ഉയർത്താനായി തീരുമാനിച്ചിരുന്നത്. എന്നാൽ വേദിയിൽ ദീപശിഖ കൊളുത്തിയ ശേഷം കൊടി ഉയർത്താനായി ദിവാകരനെ ക്ഷണിച്ചപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ദീപശിഖ തെളിക്കുന്നിടത്തേക്കും വരാതെ ഹാളിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു അദ്ദേഹം.
അനൗൺസറുടെ റോളിലായിരുന്ന മന്ത്രി ജി.ആർ.അനിൽ രണ്ടു തവണ ക്ഷണിച്ചിട്ടും ദിവാകരനെ കാണാതായതോടെ വിളിച്ചു കൊണ്ടുവരാൻ നേതാക്കൾ ഉറക്കെ പറഞ്ഞു. അസി.സെക്രട്ടറി കെ.പ്രകാശ് ബാബു അകത്തേക്കു പോയി കൈപിടിച്ച് അദ്ദേഹത്തെ കൊടിമര വേദിയിലേക്കു കൂട്ടിക്കൊണ്ടു വന്നു. കാനം രാജേന്ദ്രൻ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അപ്പോൾ. ‘പ്രമുഖ നേതാവ് ബഹുമാന്യനായ ദിവാകരേട്ടനെ’ കാനം പതാക ഉയർത്താനായി ക്ഷണിച്ചു. പതാക ഉയർത്തിയ ശേഷം പ്രസംഗിച്ച ദിവാകരൻ പറഞ്ഞു; ‘പാർട്ടിയുടെ ചരിത്രത്തിലെ അസാധാരണ സമ്മേളനത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. വെടികൊണ്ടും പട്ടിണിയാലും മരിച്ചവരാണ് നമ്മുടെ നേതാക്കൾ. അവരുടേതാണ് ഈ പാർട്ടി. പാർട്ടിയുടെ ആ യാത്രയിലെ സുപ്രധാന സന്ദർഭമാണിത്.’ നിലവിലെ സാഹചര്യങ്ങളിൽ രാജ്യവും സംസ്ഥാനവും ഉറ്റുനോക്കുന്നത് രാജയെയും കാനത്തെയുമാണെന്നു കൂടി പറഞ്ഞാണ് ദിവാകരൻ അവസാനിപ്പിച്ചത്.
അവിടെ നിന്നു ഹാളിലേക്കു മന്ത്രി പി.പ്രസാദിനൊപ്പം മടങ്ങുമ്പോൾ യുവ എംഎൽഎ ‘സഖാവെ’ എന്നു വിളിച്ച് കൈകൊടുത്തു. കൈപിടിച്ചതിനൊപ്പം പകുതി തമാശയായി ദിവാകരന്റെ കമന്റ്; ‘ഇവനൊരു നന്ദിയില്ലാത്തവനാ...’ ചുറ്റും ചിരിപൊട്ടിയപ്പോൾ ദിവാകരന്റെ വിശദീകരണം: ‘ഞാൻ മുഖത്തു നോക്കിയേ പറയൂ.’ ദീപശിഖ തെളിക്കാനും പതാക ഉയർത്താനുമെല്ലാം കെ.ഇ.ഇസ്മായിൽ കാനത്തിനു സമീപം തന്നെ ഉണ്ടായിരുന്നെങ്കിലും പരസ്പരം മുഖം കൊടുത്തില്ല.
പ്രതിനിധി സമ്മേളന വേദിയിലെ ഇരിപ്പിടങ്ങളിലുമുണ്ടായി ആശയക്കുഴപ്പം. പാർട്ടി രീതി അനുസരിച്ച് സമ്മേളന വേദിയുടെ മുൻ നിരയിൽ ഒരു വശത്ത് കേന്ദ്ര കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും മറുവശത്ത് സമ്മേളനം നിയന്ത്രിക്കുന്ന പ്രസിഡിയത്തിനുമാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമടക്കം കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 6 കസേര ഒരുക്കി. കാനം, ഡി.രാജ, കെ.ഇ.ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, അതുൽ കുമാർ അഞ്ജാൻ, ബിനോയ് വിശ്വം എന്നിവർക്കായിരുന്നു ഇവിടെ സ്ഥാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.ദിവാകരനു രണ്ടാം നിരയിലായിരുന്നു സ്ഥാനം. എന്നാൽ വേദിയിലേക്കു വന്ന ദിവാകരൻ കാനം വിരുദ്ധ കൂട്ടായ്മയെ നയിക്കുന്ന ഇസ്മായിലിനു സമീപം ‘ഉപരി കമ്മിറ്റി’ക്കാർക്കുള്ള മുൻ നിരയിൽ തന്നെ ഇരുന്നു. ആരും തിരുത്താനും പോയില്ല.
പന്ന്യൻ രവീന്ദ്രൻ അൽപം വൈകി വേദിയിലേക്കെത്തുമ്പോൾ കാനം അദ്ദേഹത്തോട് ആ നിരയിൽ ഇരിക്കാൻ ആംഗ്യം കാട്ടിയെങ്കിലും ഇരിപ്പിടം ഉണ്ടായിരുന്നില്ല. അതോടെ അദ്ദേഹം മറുവശത്ത് പ്രസിഡിയം കമ്മിറ്റിയുടെ ഇരിപ്പിടങ്ങളിലൊന്നിൽ സ്ഥാനം പിടിച്ചു. എന്നാൽ വൈകാതെ ഉപരി കമ്മിറ്റി നിരയിൽ ഒന്നാമതിരുന്ന കാനത്തിനു സമീപം മറ്റൊരു കസേര കൊണ്ടിട്ട് പന്ന്യനെ അവിടേക്കു മാറ്റി പ്രശ്നം പരിഹരിച്ചു. മന്ത്രിമാരായ പി.പ്രസാദ്, ജി.ആർ,അനിൽ. ജെ.ചിഞ്ചുറാണി എന്നിവർക്ക് സ്റ്റിയറിങ് കമ്മിറ്റിക്കൊപ്പം രണ്ടാം നിരയിലും കെ.രാജന് മുൻ മന്ത്രി മുല്ലക്കര രത്നാകരനൊപ്പം മൂന്നാം നിരയിലെ ക്രഡൻഷ്യൽ കമ്മിറ്റിക്കൊപ്പവുമായിരുന്നു സ്ഥാനം.
Content Highlight: CPI State Conference 2022