കോൺഗ്രസ് കുടുംബത്തിൽ പിറന്ന കമ്യൂണിസ്റ്റ്; വഴിത്തിരിവായി ജയിൽ ജീവിതം

kodiyeri-balakrishnan-9
കോടിയേരി ബാലകൃഷ്ണൻ
SHARE

കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണന്റെ അച്ഛൻ മൊട്ടേമ്മൽ കുഞ്ഞുണ്ണിക്കുറുപ്പും അമ്മ  നാരായണിയമ്മയും കോൺഗ്രസുകാരായിരുന്നു. കോടിയേരിക്ക് 6 വയസ്സുള്ളപ്പോൾ  തന്നെ പിതാവിനെ നഷ്ടപ്പെട്ടു. കോൺഗ്രസ് കുടുംബത്തിലായിരുന്ന കോടിയേരിയെ അമ്മാവൻ നാണു നമ്പ്യാരാണ് കമ്യൂണിസ്റ്റുകാരനാക്കിയത്. നാണു നമ്പ്യാർ കോടിയേരിയിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. അച്ഛനില്ലാത്ത കുട്ടിയെന്ന നിലയിൽ അമ്മാവന്റെ ശ്രദ്ധയിൽ എപ്പോഴും കോടിയേരിയുണ്ടായിരുന്നു. കോടിയേരിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനവുമായിരുന്നു. 

സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായി. അക്കാലത്ത് കെഎസ്‌യു ആയിരുന്നു സ്കൂളിലെ  പ്രബല വിദ്യാർഥി സംഘടന. കോടിയേരിയുടെ കുടുംബം കോൺഗ്രസ് കുടുംബമായിരുന്നതിനാൽ അദ്ദേഹം കമ്യൂണിസ്റ്റ് ചേരിയിലേക്കു തിരിഞ്ഞതോടെ മറ്റു കോൺഗ്രസ് കുടുംബങ്ങളിലെ കുട്ടികളും കെഎസ്എഫിൽ ചേർന്നു പ്രവർത്തിക്കാൻ മുന്നോട്ടു വന്നതായി കോടിയേരി ഒരിക്കൽ പറഞ്ഞിരുന്നു. 

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ, ആർഎസ്എസുമായുള്ള സംഘർഷവും മറ്റും കാരണം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്‌ക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ 2 മാസം ജോലി ചെയ്‌തു. എന്നാൽ ബാലകൃഷ്ണൻ അങ്ങനെ കീഴടങ്ങി നിൽക്കാൻ തയാറല്ലായിരുന്നു. നാട്ടിലെ സഹോദരീ ഭർത്താവ് മാധവൻ വൈദ്യരെ വിളിച്ചു വിവരം അറിയിച്ചു തിരികെയെത്തി പ്രീഡിഗ്രി പഠനത്തിനു ചേർന്നു. തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രവേശനം കഴിഞ്ഞിരുന്നതിനാൽ മാഹി എംജി കോളജിലാണു ചേർന്നത്. 

അടിയന്തരാവസ്ഥക്കാലത്ത് കോടിയേരി എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നു തന്നെ തലശ്ശേരി ചിറക്കരയിൽ  വിദ്യാർഥികളെ വിളിച്ചു കൂട്ടി പ്രകടനം നടത്തി. അന്നു രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. 

തുടർന്ന് പൊലീസ് നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറി. നേതാക്കൾ ഇടപെട്ടതിനെത്തുടർന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ കേസ് ഫയൽ ചെയ്‌തു വിട്ടയച്ചു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് മിസ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ടു. 16 മാസം കഴിഞ്ഞ് അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്. മുഴുവൻ സമയ രാഷ്ട്രീയക്കാരനാകണമെന്ന ചിന്ത കോടിയേരിയിൽ ശക്തമാക്കിയത് ഈ ജയിൽ ജീവിതമാണ്.

English Summary: Kodiyeri Balakrishnan - communist born in congress family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}