ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗ റെയിൽ, വിഴി‍ഞ്ഞം സമരം, യുഎപിഎ കേസുകൾ, മറ്റു പൊലീസ് നടപടികൾ എന്നിവയുടെ കാര്യത്തിൽ സർക്കാരിനോടും സിപിഎമ്മിനോടും സിപിഐയുടെ പ്രവർത്തന റിപ്പോർട്ട് എതിർപ്പ് വ്യക്തമാക്കി. സിൽവർലൈനിൽ കരുതലോടെ നീങ്ങണമെന്നാണ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പാരിസ്ഥിതിക–സാമൂഹികാഘാത ആശങ്കകൾ ദൂരീകരിക്കണം. സർവേ നടപടികൾ ഭൂമി നഷ്ടപ്പെടുന്നവരുടെ വൻ പ്രതിഷേധങ്ങൾക്കു കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മറ്റു വിഷയങ്ങൾ സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:

∙ വിഴിഞ്ഞം: തുറമുഖ നിർമാണം തീരദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്കയുണ്ടാക്കി. അവരുടെ ഉത്കണ്ഠ അവഗണിക്കാൻ കഴിയില്ല. തീരദേശ സംരക്ഷണ പദ്ധതിയുടെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് മുന്നണി തലത്തിൽ കൂടുതൽ കൂടിയാലോചനകളും അനുരഞ്ജനവും വേണം.

∙ യുഎപിഎ: മുന്നണിയുടെ പ്രവർത്തനത്തിൽ, മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ഉന്നയിച്ച പല വിമർശനങ്ങളും പരിഹരിക്കാതെ പോകുന്നതു ഖേദകരമാണ്. ദേശീയ തലത്തിൽ യുഎപിഎ നിയമത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമ്പോഴും സംസ്ഥാനത്ത് അപൂർവമായി അതു പ്രയോഗിക്കപ്പെടുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലയും വിമർശനം ക്ഷണിച്ചുവരുത്തി.

∙ പൊലീസ്: സാമൂഹികവിരുദ്ധ ശക്തികളുമായും തട്ടിപ്പുകാരുമായും ഉന്നതതലത്തിലടക്കം പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, ലഹരി പദാർഥങ്ങളുടെ വ്യാപനം എന്നിവ പൊലീസിന്റെ നേട്ടങ്ങളുടെമേൽ നിഴൽ വീഴ്ത്തുന്നു. നിഷ്പക്ഷ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിലും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും സംഭവിക്കുന്ന പക്ഷപാതിത്വവും വീഴ്ചയും വിമർശനം ക്ഷണിച്ചുവരുത്തും.

മയപ്പെട്ടത് കേന്ദ്ര ഉപദേശം മൂലം: കാനം

തിരുവനന്തപുരം ∙ സർക്കാരിനെതിരെ സിപിഐ പരസ്യ വിമർശനം കുറച്ചത് സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര നേതൃത്വങ്ങൾ ഇടപെട്ടതു മൂലമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശദീകരണം. മലപ്പുറം സമ്മേളനത്തിനു മുൻപു വരെ പരസ്യമായിത്തന്നെ പറഞ്ഞുപോകുന്നതായിരുന്നു രീതി. സർക്കാരിനും മുന്നണിക്കും അതു ദോഷം ചെയ്യുമെന്ന് രണ്ടു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ സംസ്ഥാന ഘടകങ്ങളെ ഉപദേശിച്ചു. തുടർന്ന് സിപിഎം–സിപിഐ ചർച്ചകൾ പതിവായി നടന്നു. പറയാനുള്ളത് അവിടെ പറയാൻ അവസരം വന്നു. പുറത്തെ വിമർശനത്തിന്റെ ആവശ്യം കുറഞ്ഞു. സിപിഎമ്മിനു വിധേയപ്പെടുന്നുവെന്ന ആക്ഷേപത്തിനു മറുപടിയെന്ന നിലയിലാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlight: CPI State Conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com