ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയെ അധികാരത്തിൽ നിന്നു തൂത്തെറിയാനുള്ള പോരാട്ടത്തിൽ കോൺഗ്രസിനും പ്രാദേശിക കക്ഷികൾക്കും നിർണായക പങ്കു വഹിക്കാനുണ്ടെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. എന്നാൽ ഇരുകൂട്ടരും നയങ്ങളിലും സമീപനങ്ങളിലും ആത്മപരിശോധന നടത്തണം. 

സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ഇടതു പ്ലാറ്റ്ഫോമിന്റെ ഭാഗമായ ചില പാർട്ടികൾ സംസ്ഥാനങ്ങളിൽ പക്ഷേ മറ്റൊരു നിലപാട് എടുക്കുന്ന നിർഭാഗ്യകരമായ സാഹചര്യമുണ്ടെന്ന് കേരളത്തിൽ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും യുഡിഎഫിലാണ് എന്നത് ഉദ്ദേശിച്ച് രാജ ചൂണ്ടിക്കാട്ടി. 

പ്രസീഡിയം ചെയർമാൻ കെ.ആർ.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അതുൽകുമാർ അഞ്ജാൻ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ എന്നിവർ പ്രസംഗിച്ചു.

പ്രസീഡിയം കാനത്തിന് ഒപ്പം

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയത്തിൽ കാനം വിഭാഗത്തിന് ആധിപത്യം. പ്രസീഡിയം ചെയർമാൻ കെ.ആർ.ചന്ദ്രമോഹൻ കാനത്തിന് ഒപ്പമുളള നേതാവാണ്. ദേശീയ കൗൺസിൽ അംഗമായ പി.സന്തോഷ്കുമാർ, സംസ്ഥാന നിർവാഹകസമിതി അംഗം പി.വസന്തം, കെ.കെ.വത്സരാജ് എന്നിവരും ഉറച്ച കാനം പക്ഷക്കാരാണ്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പ്രസീഡിയത്തിലുണ്ട്. എ.പി.ജയൻ, എം.അരുൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇസ്മായിൽ പക്ഷം കടുത്ത നീക്കങ്ങൾ നടത്തുമെന്ന സൂചന നിലനിൽക്കെ പ്രസീഡിയത്തിന്റെ നിലപാട് നിർണായകമാകാം. കെ.പി.രാജേന്ദ്രൻ (പ്രമേയം), വി.പി.ഉണ്ണിക്കൃഷ്ണൻ (ക്രഡൻഷ്യൽ), വിജയൻ കുനിശ്ശേരി (മിനിറ്റ്സ്) എന്നിവരാണ് മറ്റു കമ്മിറ്റികളെ നയിക്കുന്നത്.

പ്രായപരിധിയിലേക്ക് വിരൽ ചൂണ്ടി അഞ്ജാൻ

തിരുവനന്തപുരം∙ സിപിഐയിൽ പ്രായപരിധി നടപ്പാക്കണമെന്നു തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇംഗിതം എന്നു വ്യക്തമാക്കി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽകുമാർ അഞ്ജാൻ. ഉദ്ഘാടന സമ്മേളനത്തിലാണ് കേന്ദ്രനയം അഞ്ജാൻ വ്യക്തമാക്കിയത്. ചെറുപ്പക്കാർക്ക് കൂടുതൽ പരിഗണന പാർട്ടി നൽകിയേ പറ്റൂ. പാർട്ടി ഘടനയിൽ തൊഴിലാളി വർഗത്തിന്റെ പ്രാതിനിധ്യം കുറവാണെന്നും സംഘടനയെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ പാർട്ടിക്ക് ദൗർബല്യം ഉണ്ടെന്നും അഞ്ജാൻ പറഞ്ഞു.

English Summary: D. Raja about Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com