ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനു കേരളത്തിലെ പാർട്ടി വോട്ടർമാരുടെ പരസ്യ പിന്തുണ എത്രത്തോളം ഉണ്ടെന്ന് 2 ദിവസത്തിനകം വ്യക്തമാകും. വോട്ട് അഭ്യർഥിച്ചു വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച തരൂർ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇന്ന് കെപിസിസി ആസ്ഥാനം സന്ദർശിക്കും. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാൽ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കാനാണു ശ്രമം. നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുൻപു പരമാവധി വോട്ടർമാരെ കാണും. കേരളത്തിലെ വോട്ടർമാരിൽ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാംപിലുള്ളവർ അവകാശപ്പെട്ടു. 

സംസ്ഥാനത്തെ ജനപ്രതിനിധികളിൽ എംപിമാരായ എം.കെ.രാഘവനും ഹൈബി ഈഡനും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുൻ എംഎൽഎമാരിൽ തമ്പാനൂർ രവിയും കെ.എസ്.ശബരീനാഥനും അനുകൂലിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു പുറമേ അൻപതോളം വോട്ടർമാർ തരൂരിനൊപ്പമാണെന്നു വ്യക്തമാക്കി. 

എന്നാൽ, മുതിർന്ന നേതാക്കളെല്ലാം ഔദ്യോഗിക സ്ഥാനാർഥിയായ മല്ലികാർജുൻ ഖർഗെയ്ക്കൊപ്പമാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവർക്കു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ ഖർഗെയെ പിന്തുണച്ചു. തരൂരും ഖർഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്നു 2 ദിവസം മുൻപു പറഞ്ഞിരുന്നു.

തരൂരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന സുധാകരൻ സ്വന്തം നിലപാട് ഇന്നലെയാണു പരസ്യമാക്കിയത്. വോട്ട് അഭ്യർഥിക്കാനായി ഖർഗെയുടെ കേരള സന്ദർശനം ഇനിയും തീരുമാനിച്ചിട്ടില്ല. പ്രചാരണം ശക്തമായതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മലയാളികൾക്കിടയിൽ തരൂരിനു പിന്തുണ ഏറി. നാട്ടുകാരനെന്ന പരിഗണനയ്ക്കൊപ്പം കോൺഗ്രസിനു പുതിയ മുഖം നൽകാൻ അദ്ദേഹത്തിനു സാധിക്കുമെന്ന പ്രതീക്ഷയാണു പലരും പങ്കുവയ്ക്കുന്നത്. 

ഒട്ടേറെ കോൺഗ്രസുകാർ ഖർഗെയെ പിന്തുണയ്ക്കുന്നുണ്ട്. അതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനൊപ്പം തരൂരിന്റെ സ്വീകാര്യതയെ ഇവർ തള്ളിക്കളയുന്നില്ല. ഖർഗെ അധ്യക്ഷനാകുന്നതിനൊപ്പം തരൂരിനു മികച്ച സംഘടനാപദവി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. സിപിഎമ്മിന്റെയും ബിജെപിയുടെയും അനുഭാവികളും തരൂരിനുവേണ്ടി അഭിപ്രായപ്രകടനം നടത്തുന്നു എന്നതും കൗതുകകരമാണ്.

തിരഞ്ഞെടുപ്പു കഴിയുമ്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രചാരണങ്ങൾക്കു വേണ്ടിയുള്ള മുന്നൊരുക്കമാണ് ഇവർ നടത്തുന്നതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടർ പട്ടികയിൽ കേരളത്തിൽ നിന്ന് 283 വോട്ടർമാരുണ്ട്. ഇതി‍ൽ ആര്യാടൻ മുഹമ്മദും പ്രതാപവർമ തമ്പാനും അന്തരിച്ചതിനാൽ വോട്ടർമാർ 281 ആയി.

വിമാനത്തിൽ തരൂരിന് കരഘോഷം

ഹൈദരാബാദിൽ നിന്ന് ഇന്നലെ വൈകിട്ട് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തിനു പുറപ്പെട്ട തരൂരിനു യാത്രക്കാരുടെ അപ്രതീക്ഷിത കയ്യടി ലഭിച്ചു. എഐസിസി പ്രസിഡന്റ് സ്ഥാനാർഥി ശശി തരൂർ ഫ്ലൈറ്റിലുണ്ടെന്നു പറഞ്ഞ് യാത്രയ്ക്കു മുന്നോടിയായി പൈലറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോഴായിരുന്നു യാത്രക്കാർ കരഘോഷം മുഴക്കിയത്.

English Summary: Congress president election: Shashi Tharoor campaign in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com