ADVERTISEMENT

കോടിയേരി മുളിയിൽനടയിലെ വീട്ടിൽ നിന്നു കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള വഴി കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ വളർച്ചയിലേക്കുള്ള പാതയായിരുന്നു. എം.ബാലകൃഷ്ണനെന്ന എസ്എഫ്ഐ പ്രവർത്തകനെ കോടിയേരിയെന്ന ജനകീയ നേതാവാക്കിയ യാത്രയ്ക്കു സാക്ഷ്യംവഹിച്ച അതേ വഴിയിലൂടെ ഇന്നലെ അവസാനയാത്ര. പാതയോരത്തു കാത്തുനിന്ന ആയിരങ്ങൾ കണ്ണീരോടെ അന്ത്യാഭിവാദ്യം ചെയ്തു.

പയ്യാമ്പലത്ത് ചിതയിലേക്കെടുക്കുമ്പോൾ മൃതശരീരം തോളിലെടുത്തു മുന്നിൽ നിന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; തോളോടു തോൾ ചേർന്നു പാർട്ടിയെ നയിച്ച സഖാവിനൊപ്പമുള്ള അവസാനയാത്ര. ദേശീയ നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ ഒരേ മനസ്സോടെ പ്രിയ സഖാവിന് വിട ചൊല്ലി. ഇന്നലെ രാവിലെ വീട്ടിൽ നിന്നാരംഭിച്ച വിലാപയാത്ര കോടിയേരിയുടെ പോരാട്ടങ്ങളുടെയും ഭരണനേട്ടങ്ങളുടെയും മുദ്ര പതിഞ്ഞ ഇടങ്ങൾ പിന്നിട്ടാണ് പയ്യാമ്പലത്ത് എത്തിയത്. 

അടിയന്തരാവസ്ഥക്കാലത്ത് കോടിയേരിയെ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന തലശ്ശേരി പൊലീസ് സ്റ്റേഷനും കോടതിയും രാഷ്ട്രീയ പ്രസംഗങ്ങളുടെ ഓർമകൾ മുഴങ്ങുന്ന തലശ്ശേരി പഴയ സ്റ്റാൻഡ്, വിവാദമായ ബോംബുണ്ടാക്കൽ പ്രസംഗം നടത്തിയ ഡിവൈഎസ്പി ഓഫിസ്, കോടിയേരി മന്ത്രിയായിരുന്നപ്പോൾ ടൂറിസം കേന്ദ്രമായി വികസിപ്പിച്ച ധർമടം തുരുത്ത്... വിലാപയാത്ര കടന്നുപോയ ഓരോ കേന്ദ്രങ്ങളിലും പ്രിയനേതാവിന്റെ ഓർമകൾ തിരയടിച്ചു. 

രാവിലെ പത്തിനാണ് വീട്ടിൽ നിന്ന് വിലാപയാത്ര ആരംഭിച്ചത്. പുലർച്ചെ മുതൽ വീട്ടിലേക്ക് ജനമൊഴുകിയെത്തി. 9.25 ന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം പ്രിയസഖാവിന്റെ മൃതശരീരത്തിനരികെ അൽപനേരം നിന്നു. 9.50ന് മുൻ ആഭ്യന്തര മന്ത്രിക്ക് പൊലീസിന്റെ അന്തിമോപചാരം. ബ്യൂഗിൾ വിലപിച്ചു. 

11.45ന് വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെത്തി. കോടിയേരിയിലെ ജനനേതാവിനെ പരുവപ്പെടുത്തിയ ഇടം. രാഷ്ട്രീയ സംഘർഷങ്ങളാൽ കണ്ണൂർ തിളച്ചുമറിയുന്ന കാലത്താണ് 36–ാം വയസ്സിൽ കോടിയേരി സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റി ഓഫിസിൽ അന്തിമോപചാരം അർപ്പിച്ചു. 

2.05ന് പയ്യാമ്പലത്തേക്കുള്ള അവസാനയാത്ര. കോടിയേരിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾക്കു സാക്ഷ്യം വഹിച്ച സ്റ്റേഡിയം കോർണറിനു മുന്നിലൂടെയുള്ള യാത്രയെ പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാൽനടയായി അനുഗമിച്ചു. പയ്യാമ്പലത്ത് വച്ച് ആംബുലൻസിൽ നിന്നിറക്കിയ മൃതദേഹം സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ.ബേബി, ഇ.പി.ജയരാജൻ, കെ.എൻ.ബാലഗോപാൽ എന്നിവർ ചേർന്ന് തോളിലേറ്റി ചിതയിലേക്ക്. 3.40ന് മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതയ്ക്കു തീ കൊളുത്തിയതോടെ കേരള രാഷ്‌ട്രീയത്തിലെ സൗമ്യശോഭയാർന്ന ഒരധ്യായം ചരിത്രത്തിന്റെ ഭാഗമായി. കോടിയേരി ഇനി ഓർമകളിലെ ചുവന്ന നക്ഷത്രം. 

കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് ഗവർണർ

കഴിഞ്ഞ ദിവസങ്ങളിൽ വാക്കുകൾകൊണ്ട് കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിക്ക് ആദരമർപ്പിച്ച് ഒന്നിച്ചിരുന്നു. 12.35ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിയ ഗവർണർ പുഷ്പചക്രം സമർപ്പിച്ച ശേഷം മുഖ്യമന്ത്രിക്കും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിക്കും ഇടയിലായാണ് ഇരുന്നത്. അൽപനേരം പരസ്പരം സംസാരിച്ച ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അരികിലേക്ക് ഗവർണർ നടന്നെത്തി. ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. 20 മിനിറ്റോളം അഴീക്കോടൻ മന്ദിരത്തിൽ ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com