ADVERTISEMENT

കൊച്ചി ∙ പഴം ഇറക്കുമതിയുടെ മറവിൽ കേരളത്തിലേക്കു പലതവണ ലഹരിമരുന്നു കടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 

മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ കാലടിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് സ്ഥാപനത്തിനു പുറമേ മറ്റു പല ഇറക്കുമതി സ്ഥാപനങ്ങളുടെ മറവിലും വലിയതോതിൽ ലഹരിമരുന്നു കടത്തിയിട്ടുണ്ട്. യമ്മിറ്റോ ഇന്റർനാഷനൽ‍ ഫുഡ്സ് ഇന്നലെ തുറന്നില്ല.

സെപ്റ്റംബർ 30നാണ് ഡിആർഐ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ വാഷിയിൽ ഓറഞ്ച് ലോഡിനിടയിൽ നിന്നു 1476 കോടി രൂപ വരുന്ന രാസലഹരി വസ്തുക്കൾ പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198ഉം 9ഉം കിലോഗ്രാം വീതം രാസലഹരി മരുന്നുകളാണു പിടിച്ചെടുത്തത്. 

വിജിന്റെ ബിസിനസ് പങ്കാളി വിദേശത്തുള്ള മലപ്പുറം സ്വദേശി മൻസൂറിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടും. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന മൻസൂറിന് പഴവർഗ കയറ്റുമതിയുടെ മറവിൽ നാലു വർഷത്തിലേറെയായി ലഹരി ഇടപാട് ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മൻസൂറിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിലുള്ള മോർ ഫ്രഷ് എന്ന കമ്പനി വഴിയാണ് വിജിൻ ഇറക്കുമതി നടത്തിയിരുന്നത്. ബന്ധുവുമായി ചേർന്ന് മൻസൂർ അവിടെ റസ്റ്ററന്റും നടത്തുന്നുണ്ട്.

ഇതേസമയം, ലഹരിമരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു മൻസൂറിന്റെ സഹായി ഗുജറാത്ത് സ്വദേശി അമൃത് പട്ടേൽ ദക്ഷിണാഫ്രിക്കൻ പൊലീസിനു നൽകിയ മൊഴിപ്പകർപ്പ് പുറത്തുവിട്ടു. ലഹരി മരുന്ന് അടങ്ങിയ കണ്ടെയ്നർ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നുവെന്നും താനാണു കയറ്റി അയച്ചതെന്നുമാണ് പട്ടേൽ മൊഴിയിൽ പറയുന്നത്. 

ഓറഞ്ച് കയറ്റിയ കണ്ടയ്നറിൽ തന്റെ പാഴ്സൽ കൂടി കയറ്റി വിടാൻ മൻസൂറിനോടു ഫോണിലൂടെ അനുമതി ചോദിച്ചെന്നും ഇതിലാണു ലഹരി നിറച്ചിരുന്നതെന്നും അമൃത് പറയുന്നു. അമൃത് പട്ടേലിനെതിരെ മൻസൂർ ദക്ഷിണാഫ്രിക്കൻ പൊലീസിനു പരാതി നൽകിയതിനെ തുടർന്നാണു പൊലീസ് ഇയാളുടെ മൊഴിയെടുത്തത്. രണ്ടു മാസം നാട്ടിലുണ്ടായിരുന്ന മൻസൂർ കഴിഞ്ഞ മാസം 19നാണു ദക്ഷിണാഫ്രിക്കയിലേക്കു പോയത്.

English Summary: Drugs import to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com