ADVERTISEMENT

കൽപറ്റ ∙ വിനോദസഞ്ചാരികൾക്കായി കാനനപാതയിലൂടെ വന്യജീവി സഫാരി ഒരുക്കാൻ കെഎസ്ആർടിസി. വയനാട് വന്യജീവി സങ്കേതത്തിലൂടെയാണ് കെഎസ്ആർടിസിയുടെ വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി. ബത്തേരി ഡിപ്പോയിൽനിന്ന് സഫാരി ബസ് അടുത്തയാഴ്ച ഓടിത്തുടങ്ങും. രാത്രി 9ന് പുറപ്പെട്ട് വന്യജീവി സങ്കേതത്തിലൂടെ വടക്കനാട്, കരിപ്പൂര് - മൂലങ്കാവ് വഴി മുത്തങ്ങയിൽ എത്തുന്ന ബസ് തിരികെ ഇരുളത്തേക്കു പോയി പതിനൊന്നരയോടെ ബത്തേരിയിൽ സഫാരി അവസാനിപ്പിക്കും. രാത്രി യാത്രയ്ക്കു നിയന്ത്രണമില്ലാത്തതും മൃഗങ്ങളെ ഏറ്റവുമടുത്തും അപകടമില്ലാതെയും കാണാൻ കഴിയുന്നതുമായ റൂട്ടിലാണ് യാത്രയെന്ന് വയനാട് ഡിടിഒ ജോഷി ജോൺ പറഞ്ഞു. 

സഫാരി ബസ് ബത്തേരി ഡിപ്പോയിൽ അവസാന മിനുക്കുപണികളിലാണ്. രണ്ടര മണിക്കൂർ നീളുന്ന സഫാരിക്ക് ഒരാൾക്ക് 90 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിൽ മുറി ബുക്ക് ചെയ്യുന്ന സഞ്ചാരികളെയാണ് ആദ്യഘട്ടത്തിൽ നൈറ്റ് സഫാരിക്ക് കൊണ്ടുപോവുക. സ്കൂൾ വിദ്യാർഥികൾക്കു മാത്രമായി കുറഞ്ഞ ചെലവിൽ തുഷാരഗിരി–കോഴിക്കോട് പ്ലാനറ്റേറിയം–ബേപ്പൂർ വിനോദയാത്ര സർവീസ് ആരംഭിക്കാനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു പദ്ധതിയുണ്ട്. 

സ്ലീപ്പർ ബസും സൂപ്പർ ഹിറ്റ്

ബത്തേരി ഡിപ്പോയിൽ വിനോദസഞ്ചാരികൾക്കായി ഓഗസ്റ്റിൽ തുടക്കമിട്ട സ്ലീപ്പർ ബസുകൾ വൻ വരുമാനമാണുണ്ടാക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 1,87,050 രൂപയാണ് 4 സ്ലീപ്പർ ബസുകളിൽനിന്നുള്ള കലക്‌ഷൻ. 48 സഞ്ചാരികൾക്കും 2 കുടുംബങ്ങൾക്കും സ്ലീപ്പർ ബസുകളിൽ അന്തിയുറങ്ങാം. എയർ കണ്ടിഷൻഡ് ഫാമിലി സ്വീറ്റിന് 890 രൂപയാണ് വാടക. കൂടുതൽ സ്ലീപ്പർ ബസുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

English Summary: KSRTC wild life night jungle safari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com