ADVERTISEMENT

കോട്ടയം ∙ ലഹരിയെ നേരിടാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ യുവജന, വിദ്യാർഥി സംഘടനകളുടെ ഐക്യ പ്രഖ്യാപനം. ലഹരിക്കേസിൽ കുടുങ്ങുന്നവരെ ഒരുതരത്തിലും സഹായിക്കില്ലെന്നും ലഹരി വിധേയത്വമുള്ളവരെ യൂണിറ്റ് തലത്തിൽ പോലും ഭാരവാഹിയാക്കില്ലെന്നും സംഘടനകൾ പ്രഖ്യാപിച്ചു. മലയാള മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ യുവ ജാഗ്രതാ കൂട്ടായ്മയിലാണ് യുവ നേതാക്കൾ ഒരേ മനസ്സോടെ ലഹരിക്കെതിരെ കൈകോർത്തത്. 

എല്ലാ വിദ്യാർഥി, യുവജന സംഘടനകളും പ്രാദേശിക തലം മുതൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ലഹരിക്കെതിരെ ഒരു സംഘടന നടത്തുന്ന പ്രചാരണപരിപാടിയിൽ മറ്റൊരു സംഘടന അണിചേരുന്നതിൽ അയിത്തമില്ല. മനോരമ സംഘടിപ്പിച്ച കൂട്ടായ്മയുടെ തുടർപ്രചാരണത്തിനായി പൊതുവേദി രൂപീകരിക്കും. സിനിമ ഉൾപ്പെടെയുള്ള ജനകീയ കലാരൂപങ്ങളിൽ ലഹരിയെ മഹത്വവൽകരിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടനകൾ ഒറ്റ ശബ്ദത്തിൽ ആവശ്യപ്പെട്ടു.

ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാർഥി–യുവജന വിഭാഗത്തെ ബോധവൽകരിക്കാൻ പരമ്പരാഗത രീതികൾ വെ‍ടിഞ്ഞ് പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണം. ലഹരിവിമുക്ത ക്യാംപസുകൾ എന്ന ദൗത്യം ഏറ്റെടുക്കും. ജനകീയ യുദ്ധത്തിനാണു തുടക്കമിടുന്നതെന്നും യുവജാഗ്രതാ കൂട്ടായ്മ വ്യക്തമാക്കി. 

മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോർജ് ആമുഖ പ്രസംഗം നടത്തി. മനോരമ ചീഫ് സബ് എഡിറ്റർ സുൾഫിക്കർ മോഡറേറ്ററായിരുന്നു. ഓരോ സംഘടനയും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന കർമ പദ്ധതികളും ഭാരവാഹികൾ പ്രഖ്യാപിച്ചു.

English Summary: Anti drugs campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com