ADVERTISEMENT

തൃശൂർ ∙ മത്സരത്തിനു പോകുമ്പോൾ യാത്രയാക്കുന്നതുപോലെയായിരുന്നു അത്. മകന്റെ ചേതനയറ്റ ദേഹം നോക്കി ഏറെ കരഞ്ഞശേഷം അമ്മ വിതുമ്പലടക്കി, പിന്നെ, വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അവനോടു പറഞ്ഞു: ‘ഓൾ ദ് ബെസ്റ്റ്’! 

ബാസ്കറ്റ് ബോൾ ദേശീയ താരമാകണമെന്ന രോഹിത് രാജിന്റെ മോഹത്തിന് അമ്മ ലതിക അണിയിച്ചു കൊടുത്തതാണ് ആ ജഴ്സി. അതുമായാണ് മകന്റെ അന്ത്യദർശനത്തിൽ മുഴുവൻ ലതിക ഇരുന്നത്. 

ഇന്നലെ പുലർച്ചെ വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകൻ രോഹിത് രാജിന്റെ (24) മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു കണ്ടുനിന്നവർ വിങ്ങിപ്പൊട്ടിയ ആ നിമിഷങ്ങൾ. 

ബാസ്കറ്റ്ബോൾ കോർട്ടുകളിൽ രോഹിതിനെ കൊണ്ടുനടന്നിരുന്നത് പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അധ്യാപിക കൂടിയായ അമ്മ ലതികയാണ്. രോഹിത് കളിക്കുമ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ കോർട്ടിനു പുറത്തുകൂടി ലതികയും അങ്ങോട്ടുമിങ്ങോട്ടും ഓടും. മകന്റെ സ്വപ്നത്തിനൊപ്പം കുതിക്കുന്ന കാലുകളായിരുന്നു ഈ അമ്മ. 

വൈകാതെ രോഹിത് ജില്ലാ ടീമിലെത്തി. കോയമ്പത്തൂരിൽ ബാസ്കറ്റ് ബോൾ പരിശീലനം തുടങ്ങി. ഒപ്പം, പഠനവും ചെറിയ ജോലിയും. തമിഴ്നാട് ബാസ്കറ്റ് ബോൾ ടീമിൽ ഇടം കിട്ടാനുള്ള സാധ്യത ഏറെയായിരുന്നു. 

മകൾ ലക്ഷ്മി രാജിനെയും ബാസ്കറ്റ് ബോൾ താരമാക്കിയത് ലതികയാണ്. ദേശീയ ക്യാംപിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം. മൃതദേഹത്തിനരികിൽ വിലപിച്ചു തളർന്ന മകൾ ലക്ഷ്മിയെ ആശ്വസിപ്പിച്ചു നിർത്തിയതും ആ അമ്മയായിരുന്നു. 

English Summary: Vadakkencherry Tourist Bus Accident Rohit Raj funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com