ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കർഷകൻ മരിക്കുകയോ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലാ‍കുകയോ ചെയ്താൽ നോമിനിക്ക് ഇനി മുതൽ നഷ്ടപരിഹാരത്തുക ലഭിക്കും. വിള ഇൻഷുറൻസ് പദ്ധതിയിൽ ഈ നോമിനേഷൻ വ്യവസ്ഥ കൂടി ഉൾപ്പെടുത്തി മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി. മേൽ‍പറഞ്ഞ സാഹചര്യങ്ങളിൽ മാത്രമാണു നോമിനി വ്യവസ്ഥ ബാധകം.

നഷ്ടപരിഹാരം ശുപാർശ ചെയ്യാനുള്ള പരിധിയിലും മാറ്റം വരുത്തി. നെൽക്കൃഷിക്കു നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അധികാരം കൃഷി അസി.ഡയറക്ടർ മുതൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കു വരെ ഉണ്ടായിരിക്കും. അസി. ഡയറക്ടർക്കു 10,000 രൂപ വരെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കു 10 ലക്ഷം രൂപയ്ക്കു മുകളിലും തുക അനുവദിക്കാം.

നെല്ല് ഒഴികെയുള്ളവ‍യ്ക്കു നഷ്ടപരിഹാരം നൽകാനുള്ള അധികാ‍രങ്ങളിലും ഭേദഗതി വരുത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് 5 ലക്ഷത്തിനു മുകളിൽ നഷ്ടപരിഹാരം അനുവദിക്കാം. പ്രീമിയം തുകയിൽ നിന്ന് ഏജന്റുമാർക്കു കമ്മിഷൻ നൽകാനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫിസർമാർക്കു മാത്രമാക്കി.

പുതിയ ഭേദഗതികൾ:

∙ അംഗത്വ അപേക്ഷയ്ക്കൊപ്പം നോമിനിയുടെ പേരും ഉൾപ്പെടുത്തണം. 

 പദ്ധതിയിൽ അംഗമാകാൻ കർഷകർ, കൃഷി വകുപ്പിന്റെ എയിംസ് (AIMS) പോർട്ടൽ മുഖേന അപേക്ഷിക്കണം.

∙ പോളിസി ഓൺലൈനായി ലഭിക്കും.

∙ അത്യാഹിതം സംഭവിച്ചാൽ, മാ‍നുവലായി ഇൻഷുറൻസ് പോളിസി ലഭിച്ചവർ നഷ്ടപരിഹാരത്തിനായി 15 ദിവസത്തിനകം കൃഷിഭവനിൽ നേരിട്ട് അപേക്ഷ നൽകണം. 

 ഓൺലൈൻ മുഖേന പോളിസി ലഭിച്ചവർ എയിംസ് മുഖേന അപേക്ഷ ഓൺലൈനായും സമർപ്പിക്കണം.

വിള ഇൻഷുറൻസ് 27 ഇനങ്ങൾക്ക്

27 ഇനം കാർഷിക വിളകൾക്കു പ്രകൃതി ദുരന്തം മൂലം ഉണ്ടാകുന്ന നാശത്തിനു നഷ്ടപരിഹാരം നൽകുന്നതാണു സംസ്ഥാന പദ്ധതി. പൂർ‍ണനാശത്തിനു മാത്രമേ നഷ്ടപരിഹാരമുള്ളൂ. ഭാഗിക നഷ്ടം കണ‍ക്കാക്കില്ല. നെൽക്കൃഷിക്ക് 50 ശതമാനത്തിലേറെ നാശം ഉണ്ടായാൽ അതു പൂർണ നഷ്ടമായി കണക്കാക്കും.

Content Highlight: State crop insurance project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com