ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകാനായി രാജ്യത്ത് ആരംഭിച്ച 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളിൽ (ഡിബിയു) മൂന്നെണ്ണം കേരളത്തിൽ. എറണാകുളം കളമശേരി ( കാനറ ബാങ്ക് ), തൃശൂർ ചാലക്കുടി ആനമല ജംക്‌ഷ‍ൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), പാലക്കാട് കുന്നത്തൂർമേട് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ. 75 ജില്ലകളിലായി 75 യൂണിറ്റുകളാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 

കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ഡിജിറ്റൽ ബാങ്കിങ് സാക്ഷരത വർധിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട്. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ഡിബിയു സേവനം നൽകുന്നത്.

എന്താണ് ഡിബിയു?

ഡിജിറ്റലായി ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് ഈ പേപ്പർ–രഹിത യൂണിറ്റിലെത്താം. യൂണിറ്റിലുള്ള ഡിജിറ്റൽ സംവിധാനം വഴി സ്വന്തമായി (സെൽഫ് സർവീസ് മോഡ്) ഇടപാടുകൾ നടത്താം. ഇത് കഴിയാത്തവർക്ക് സഹായിക്കാൻ (ഡിജിറ്റൽ അസിസ്റ്റൻസ്) ആളുമുണ്ടാകും. പണം പിൻവലിക്കൽ, നിക്ഷേപം അടക്കമുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. എല്ലാ സേവനങ്ങളും പൂർണായും ഡിജിറ്റലാണ്.

സേവനങ്ങൾ

സേവിങ്സ് അക്കൗണ്ട് തുറക്കൽ, ബാലൻസ് പരിശോധിക്കൽ, പാസ്ബുക് പ്രിന്റിങ്, പണം കൈമാറ്റം, സ്ഥിരനിക്ഷേപം, വായ്പ അപേക്ഷ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അപേക്ഷകൾ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, നികുതി/ബിൽ അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും. സർക്കാരിന്റെ വിവിധ വായ്പ പദ്ധതികൾക്കും അപേക്ഷിക്കാം.

English Summary: Digital banking units in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com