ADVERTISEMENT

കൊച്ചി∙ മലയാള ചലച്ചിത്രമേഖലയിൽ പരസ്യകലയിലും കലാസംവിധാന രംഗത്തും മലയാളിത്തം നിറച്ച കലാകാരൻ കിത്തോ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 10.20 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പനത്തറ കുടുംബാംഗം ലില്ലി. മക്കൾ അനിൽ കിത്തോ (ദുബായ്), കമൽ കിത്തോ (കിത്തോസ് ഡിസൈനേഴ്സ്, കൊച്ചി). മരുമക്കൾ: സ്വീറ്റി അനിൽ (ദുബായ്), നീതു കമൽ (സാന്റാ മോണിക്ക). 

കലൂർ കുറ്റിക്കാട് പൈലിയുടെയും വെറോണിക്കയുടെയും മകനായ കിത്തോ കൊച്ചിൻ ആർട്സിലാണു ചിത്രകല പഠിച്ചത്. കൊച്ചിയിൽ കിത്തോസ് ഇല്ലസ്ട്രേഷൻ എന്ന സ്ഥാപനം തുടങ്ങിയതാണു സിനിമയിലേക്കുള്ള വഴിയായത്. 1978ൽ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ ഈ മനോഹര തീരം ആണ് ആദ്യചിത്രം. ചിത്രകൗമുദി വാരികയിൽ വരച്ചു തുടങ്ങിയ അദ്ദേഹം കലൂർ ഡെന്നിസിനും സെബാസ്റ്റ്യൻ പോളിനുമൊപ്പം ചിത്രപൗർണമി എന്ന സിനിമ മാസിക  തുടങ്ങി.

പത്രങ്ങളുടെയും മാസികകളുടെയും രൂപകൽപനയടക്കം ഡിസൈനിങ്ങിൽ പുതുമകൾ അവതരിപ്പിച്ച കിത്തോ ‘ആലോലം’ എന്ന ചിത്രത്തിന്റെ കഥാകൃത്താണ്. കമൽ സംവിധാനം ചെയ്ത ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രം നിർമിച്ചു. മോഹൻ സംവിധാനം ചെയ്ത ഗ്രാമം ആണ് അവസാനമായി കലാസംവിധായകനായ ചിത്രം. 

English Summary: Malayalam Movie Art Director Kitho Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com