ADVERTISEMENT

കോഴിക്കോട് ∙  തുറമുഖ വകുപ്പിന്റെ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയ സംഭവത്തിൽ മാരിടൈം ബോർഡ് അന്വേഷണം തുടങ്ങി. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നു ബോർഡ് സിഇഒ ടി.പി.സലിം കുമാർ പറഞ്ഞു. 

സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിറിനു പങ്കാളിത്തമുള്ള സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചിലെ കെട്ടിടത്തിൽ നടത്തിയ വിവാദ നിർമാണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഏതു സാഹചര്യത്തിലാണു കെട്ടിടം സ്ഥാപനത്തിനു കൈമാറിയത്, നടപടികളിൽ വീഴ്ചയുണ്ടായോ, നേരത്തേ വിളിച്ച ടെൻഡറിൽ പങ്കെടുത്തവർ ഒഴിവാകാനുണ്ടായ സാഹചര്യം,  കരാറിനു വിരുദ്ധമായ നിർമാണ പ്രവർത്തനങ്ങളുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

സൗത്ത് ബീച്ചിൽ കണ്ണായ സ്ഥലത്ത് പോർട്ടിന്റെ കെട്ടിടം ചുളുവിലയ്ക്കു പാട്ടത്തിനെടുത്തു സ്ഥാപനം അനധികൃത നിർമാണം നടത്തിയ വാർത്ത മലയാള മനോരമ പുറത്തു വിട്ടതോടെയാണു മന്ത്രി അഹമ്മദ് ദേവർകോവിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകിയിരുന്നു. ഷാഹിറിനു പങ്കാളിത്തമുള്ള പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന കമ്പനിയുമായി നിലവിലുള്ള കരാർ സംബന്ധിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കും. 

കരാർ പ്രകാരമുള്ള പ്രതിമാസ വാടക 45000 രൂപ 6 മാസത്തിലേറെയായി കുടിശികയായതിനാൽ നോട്ടിസ് നൽകി തുക അടപ്പിക്കേണ്ടതുണ്ട്. വിവാദമായതോടെ കുടിശിക അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടുണ്ടെങ്കിലും മറ്റു നടപടികൾ എടുത്തിട്ടില്ല. നോട്ടിസ് നൽകി  30 ദിവസത്തിനുള്ളിൽ കുടിശിക അടച്ചു തീർത്തില്ലെങ്കിൽ കരാർ റദ്ദാക്കുകയും തുക വസൂലാക്കാൻ റവന്യു റിക്കവറി നടത്തുകയും വേണം.  വിവാദമായതോടെ കോർപറേഷൻ നോട്ടിസ് നൽകി അനധികൃത നിർമാണം നിർത്തിവയ്പിച്ചിട്ടുണ്ട്.

English Summary: Maritime board enquiry in beach construction at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com