ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയോടു സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ജനതാദൾ (എസ്) കേരള, കർണാടക നേതൃത്വം ഇതുവരെ രണ്ടു തട്ടിലായിരുന്നെങ്കിൽ ബിജെപിയെ തുറന്നെതിർക്കാനാണു കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സമാപിച്ച ദേശീയ പ്ലീനറി സമ്മേളനത്തിലെ തീരുമാനം. കർണാടകയിൽ ബിജെപിയുമായി ഇടയ്ക്കിടെ കൂട്ടുകൂടുന്ന ദൾ (എസ്) രീതികളോട് ഇവിടെ സിപിഎമ്മിനുള്ള മുറുമുറുപ്പും ഇതോടെ അവസാനിക്കുമെന്നു കേരള ഘടകം കരുതുന്നു. ദൾ (എസ്) കേരള പ്രസിഡന്റ് മാത്യു ടി.തോമസാണു പ്ലീനറി സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയം.

ബിജെപിയെ മുഖ്യ ശത്രുവായി കണക്കാക്കണമെന്നു നിർദേശിക്കുന്ന പ്രമേയം ജനതാദൾ വിട്ടുപോയവരുടെ യോജിപ്പും ആവശ്യപ്പെടുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരായുള്ള ബിജെപി നിലപാട്, രാജ്യമാകെ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം, കേന്ദ്ര ഏജൻസികൾ വഴി രാഷ്ട്രീയ എതിരാളികൾക്കെതിരെ എടുക്കുന്ന കേസുകൾ എന്നിവയിലെല്ലാം ബിജെപിയെ കടന്നാക്രമിക്കുന്നതാണു പ്രമേയം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിടിമുറുക്കുന്നതിനെയും വിമർശിക്കുന്നു. കർഷക നിയമങ്ങളോടു പല ഘട്ടത്തിലും ദൾ സ്വീകരിച്ച മൃദുസമീപനത്തെ തിരുത്തുന്നു. കർഷക സമരത്തെ അനുകൂലിക്കുകയും സമരക്കാരോടു കേന്ദ്രം സ്വീകരിച്ച നിലപാടിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കോൺഗ്രസിനെ കടന്നാക്രമിക്കുന്നില്ലെങ്കിലും അവരെ എതിർക്കുന്ന നിലപാടു തുടരണമെന്നാണു നിർദേശം.

ജനതാ കുടുംബത്തിൽ നിന്നു വിട്ടുപോയവരുൾപ്പെടെ മതനിരപേക്ഷ സ്വഭാവമുള്ള പാർട്ടികളെ ജനതാദളി(എസ്)ൽ ലയിപ്പിക്കുന്നതിന് എച്ച്.ഡി.ദേവെഗൗഡയെ അധികാരപ്പെടുത്തിയാണു പ്രമേയം അവസാനിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ദേശീയതലത്തിൽ പാർട്ടിയുടേത്. 

ബിജെപിക്കെതിരെ കേരളത്തിൽ സ്വീകരിച്ചു പോന്ന നിലപാടിനുള്ള അംഗീകാരമായാണു പ്ലീനറി സമ്മേളനത്തിലെ പുതിയ തീരുമാനത്തെ കേരള നേതൃത്വം കാണുന്നത്.

English Summary: JDS resolution against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com