തിരുത്തിപ്പറമ്പ് ഒരുങ്ങുന്നു; ‘പാഡ് പെടാതിരിക്കാൻ’

Mail This Article
തൃശൂർ ∙ ഒരു തിരുത്ത്, തിരുത്തിപ്പറമ്പിൽ നിന്നു വരുന്നു. നഗരസഭാ ഡിവിഷനിലെ മുഴുവൻ വനിതകളെയും പ്രകൃതിയെയും ഒരേസമയം ബഹുമാനിക്കുന്നൊരു മുന്നേറ്റം. വടക്കാഞ്ചേരി നഗരസഭ 29–ാം ഡിവിഷനിലെ മുഴുവൻ വനിതകളെയും സാനിറ്ററി പാഡുകളിൽ നിന്നു മോചിപ്പിച്ച് ആർത്തവ കപ്പ് (മെൻസ്ട്രുവൽ കപ്പ്) ഉപയോഗത്തിലേക്ക് എത്തിക്കുന്ന പദ്ധതിക്കു കൗൺസിലർ ജോയൽ മഞ്ഞിലയുടെ നേതൃത്വത്തിൽ തുടക്കമായി.
സാനിറ്ററി പാഡിനായി പ്രതിമാസം 120 മുതൽ 150 രൂപ വരെയാണ് ഓരോ സ്ത്രീയും ചെലവഴിക്കുന്നത്. 3 വനിതകൾ ഉള്ള ഒരു വീട്ടിൽ വർഷം 5000 രൂപയോളം വരും ചെലവ്. ഇതു താങ്ങാനാവാതെ തുണി ഉപയോഗിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്. മാത്രമല്ല, ഉപയോഗിച്ച സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിൽ വീഴ്ച വരുന്നതുമൂലം പ്രകൃതിക്കു വരുന്ന ദോഷങ്ങൾ വേറെ.
സൗജന്യമായി നൽകുന്ന ആർത്തവ കപ്പ് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം. കൂടുതൽ നല്ലതെന്നു ഡോക്ടർമാർ നിർദേശിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ ഡിവിഷൻ ആയി തിരുത്തിപ്പറമ്പ് മാറും.
English Summary: Thrissur Thiruthiparambu to sanitary pads free