ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു തെറിപ്പിക്കാനുള്ള ഓർഡിനൻസ് സർക്കാർ രണ്ടും കൽപിച്ച് രാജ്ഭവനു കൈമാറിയതോടെ ഇനി പന്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോർട്ടിൽ. തന്നെ ബാധിക്കുന്ന ഓർഡിനൻസിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നുമുള്ള പ്രഖ്യാപനം ഗവർണർ നടപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഗവർണർ എന്തു തീരുമാനമെടുത്താലും അടുത്ത മാസമാദ്യം നിയമസഭ ചേർന്ന് ഇതേ ഓർഡിനൻസ് ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കെ നിയമസഭയിൽ ബിൽ അവതരിപ്പിക്കാനാകുമോ എന്ന നിയമപ്രശ്നം ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യം കേരളത്തിൽ മുൻപുണ്ടായിട്ടില്ലെന്നു നിയമവകുപ്പു സർക്കാരിനെ ധരിപ്പിച്ചു. ഗവർണറുടെ പരിഗണനയിലിരിക്കെ ബിൽ പാസാക്കാമെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുമ്പോഴും ആകാം എന്നാണു സർക്കാർ നിലപാട്. ഗവർണറെയും രാഷ്ട്രപതിയെയും മറികടന്നു നിയമസഭയിൽ ബിൽ കൊണ്ടുവന്നാലും അതു നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ഇതാണ് സർക്കാരിനെ കുരുക്കിലാക്കുന്നത്.

ഇന്നലെ ഗവർണർ കൊച്ചിയിലേക്കു തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓർഡിനൻസ് രാജ്ഭവനിലെത്തിച്ചത്. സാധാരണ, മന്ത്രിസഭ പാസാക്കുന്നതിന്റെ പിറ്റേന്നു തന്നെ ഓർഡിനൻസ് എത്തിക്കാറുണ്ട്. ഇക്കുറി മൂന്നാം നാളാണ് ഫയൽ എത്തിച്ചത്. കൊച്ചി വഴി ഡൽഹിക്കു പോയ ഗവർണർ ഇനി 20 നേ മടങ്ങി വരൂ.

നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി ഡിസംബറിൽ സഭാ സമ്മേളനം ചേർന്ന ശേഷം തുടർച്ചയായി ജനുവരിയിൽ ചേരാനാണു പരിപാടി. വർഷത്തെ ആദ്യ സമ്മേളനത്തിന്റെ ആദ്യ നാളാണ് നയപ്രഖ്യാപനം വേണ്ടത്. ഡിസംബർ 5 മുതൽ 15 വരെ സഭ ചേർന്ന് ബില്ലുകൾ പാസാക്കി, ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും ചേരും. ഇതു ജനുവരി വരെ നീളും. 

ഇതുവഴി നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെങ്കിലും അതിനടുത്ത സമ്മേളനത്തിൽ നയപ്രഖ്യാപനം വേണ്ടിവരും. 1990 ൽ ഗവർണർ രാംദുലാരി സിൻഹയുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ നായനാർ സർക്കാർ ഇതേ തന്ത്രം പയറ്റിയിട്ടുണ്ട്. 1989 ഡിസംബർ 17ന് ആരംഭിച്ച് 1990 ജനുവരി 2 വരെ അന്ന് സഭ സമ്മേളിച്ചു. ഇൗ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ അവസാന നിമിഷം വരെ ഗവർണർ സർക്കാരിനെ മുൾമുനയിൽ നിർത്തിയിരുന്നു.

തടസ്സം ബിൽ ഇരിക്കെ ഓർഡിനൻസ് ഇറക്കാൻ

‘നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ആ വിഷയത്തിൽ ഓർഡിനൻസ് ഇറക്കുന്നതിനാണു തടസ്സമുള്ളത്. മറിച്ച് ഓർഡിനൻസ് ഏതു ഘട്ടത്തിലാണെങ്കിലും നിയമസഭ ബിൽ പാസാക്കിയാൽ അത് ഇല്ലാതാകും. ഓർഡിനൻസ് ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമ നിർമാണത്തിനു തടസ്സമില്ല. ഗവർണർ ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.’ – മന്ത്രി പി.രാജീവ്

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും ബിൽ പാസാക്കാം

‘നിയമനിർമാണാധികാരം നിയമസഭയ്ക്കു മാത്രമുള്ളതാണ്. നിയമസഭ കൂടാൻ കഴിയാതെ വന്നാൽ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ ഓർഡിനൻസ് ഇറക്കാം. ഭരണഘടനയുടെ 200–ാം അനുഛേദം അനുസരിച്ച് ഗവർണർക്ക് ബില്ലിൽ ഒപ്പിടാം. അല്ലെങ്കിൽ കുറവുകൾ നികത്തുന്നതിനായി തിരിച്ചയയ്ക്കാം. ചില വിഷയങ്ങളിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാം. അതുമല്ലെങ്കിൽ താൽക്കാലികമായി പിടിച്ചുവയ്ക്കാം. അതേസമയം, ഓർഡിനൻസിലോ ബില്ലിലോ ഒപ്പിടുകയില്ലെന്നു ശഠിക്കാൻ കഴിയില്ല. സ്വതന്ത്രമായ നിയമനിർമാണാധികാരമാണു നിയമസഭയ്ക്കുള്ളത്. ഓർഡിനൻസ് രാഷ്ട്രപതിക്കു റഫർ ചെയ്താലും ഗവർണർ പിടിച്ചുവച്ചാലും നിയമസഭയ്ക്ക് ബിൽ പാസാക്കാം.’ –  അഡ്വ. കാളീശ്വരം രാജ് (സുപ്രീം കോടതി അഭിഭാഷകൻ)

English Summary: The Ordinance to Remove Governor From the Post of Chancellor Reached the Raj Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com